കൽപ്പറ്റ: ലക്ഷങ്ങൾ മുടക്കി നിർമിച്ച പോളിഹൗസ് വാനരപ്പട പൂർണമായും നശിപ്പിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി. പുത്തൂർവയൽ പുളിക്കായത്ത് തോമസിന്റെ ലക്ഷങ്ങളുടെ പോളിഹൗസാണ് വാനരപ്പട തകർത്തത്. ജില്ലയിൽ ആദ്യമായി പോളിഹൗസിൽ പച്ചക്കറി കൃഷി തുടങ്ങിയ കർഷകനാണ് തോമസ്. 2010 ൽ സബ്സിഡിയോടെ ലക്ഷങ്ങൾ മുടക്കിയാണ് കൃഷി തുടങ്ങിയത്. മികച്ച രീതിയിൽ പച്ചക്കറി ഉത്പാദിപ്പിച്ച് ഉപജീവനം കണ്ടെത്തി വരികയായിരുന്നു. ഇതിനിടെയാണ് കൃഷിയിടത്തിലേക്ക് വാനരപ്പട എത്താൻ തുടങ്ങിയത്. കുരങ്ങിന് പുറമെ കരിങ്കുരങ്ങും എത്തിയതോടെ പോളി ഹൗസിൽപോലും കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. പോളിഹൗസിന്റെ പോളിത്തീൻ ഷീറ്റിൽ തുളയുണ്ടാക്കിയാണ് കുരങ്ങുകൾ ഉള്ളിൽ കയറിയത്. പിന്നീട് മേൽക്കൂരയിലെ ഷീറ്റ് പൂർണമായും തകർത്തു. ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. മാസങ്ങൾ പിന്നിട്ടിട്ടും വനം വകുപ്പ് നഷ്ടപരിഹാര തുക നൽകിയിട്ടില്ല. വനം വകുപ്പ് സംഘടിപ്പിച്ച അദാലത്തിൽ ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് ഈ കർഷകൻ. പുത്തൂർവയൽ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുരങ്ങ് ശല്യം തുടങ്ങിയിട്ട്. മണിക്കുന്നു മലയിൽ നിന്നും അടുത്തിടെ കരിങ്കുരങ്ങും എത്താൻ തുടങ്ങി. ഇതിനുശേഷമാണ് കൃഷി അസാദ്ധ്യമായതെന്ന് കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |