കോഴിക്കോട്: നാലുപേരുടെ കോഴിക്കോട്ടെ സെല്ലിൽ തുടങ്ങി കോടിക്കണക്കായ ജനങ്ങളിലേക്കിറങ്ങിയ പ്രസ്ഥാനത്തിന് ഇനി ക്ഷീണമില്ലെന്ന് ആഹ്വാനം ചെയ്ത് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി. തെറ്റുകൾ പറ്റാറുണ്ട്. പക്ഷെ അതെല്ലാം ഏറ്റുപറഞ്ഞ് തിരുത്തി മുന്നേറിയ പാരമ്പര്യമാണ് കേരളത്തിലും രാജ്യത്തും സി.പി.എമ്മിന്. കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന സമിതി ഇതിനുള്ള തുടക്കമാണെന്ന് നേതാക്കൾ. ജനസ്വാധീനം വർദ്ധിപ്പിച്ചും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയും ദൃഢമായ ബഹുജനബന്ധമുള്ള പ്രസ്ഥാനമായി സി.പി.എമ്മിനെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മൂന്നു ദിവസം നീളുന്ന വിപുലീകൃത സംസ്ഥാന സമിതിക്ക് ചരിത്രനഗരിയിൽ ഉജ്വല തുടക്കം. വൈദേശികാധിപത്യത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ ചരിത്രമെഴുതിയ കോഴിക്കോട്ട് മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. ജില്ലാകമ്മിറ്റി ഓഫീസിലെ എ. കെ.ജി ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എളമരം കരീം, കെ.കെ. ശൈലജ, പി.കെ.ബിജു, സേവ്യർ ചിറ്റിലപ്പള്ളി, പി.ശിവപ്രസാദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് കമ്മിറ്റി നിയന്ത്രിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ.വിജയരാഘവൻ, ബി.വി രാഘവ്‌ലു, അശോക് ധവ്‌ളെ, യു.വാസുകി, എ.വിജയരാഘവൻ, വിജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കെ.ബാലകൃഷ്ണൻ തിങ്കളാഴ്ച മുതൽ കമ്മറ്റിയിൽ പങ്കെടുക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എം മെഹബൂബ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ജില്ലാടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ച പൂർത്തിയായി. പൊതുചർച്ച തുടങ്ങി. ചർച്ച ഇന്നും തുടരും. ചൊവ്വാഴ്ച ഒരുലക്ഷം ആളുകൾ പങ്കെടുക്കുന്ന മഹാറാലിയോടെ സമാപിക്കും. പൊതുസമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. റാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മെഹബൂബ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |