വടകര: രമേശൻ പാലേരിക്കൊപ്പം ചേർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ഷാജു ഇനി യു.എൽ.സി.സി.എസിന്റെ അമരക്കാരൻ. സൊസൈറ്റിയിൽ ക്ലർക്കായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ചെയർമാൻ പദവിയിലേക്കുള്ള ഷാജുവിന്റെ യാത്ര യു.എൽ.സി.സി.എസിന്റെ വളർച്ചയുടെ ചരിത്രത്തോടൊപ്പം ചേർന്നതാണ്. സൊസൈറ്റിയുടെ വളർച്ചയുടെ നിർണായക ഘട്ടങ്ങളിലെല്ലാം രമേശൻ പാലേരിക്കൊപ്പം നിന്ന ആത്മസുഹൃത്തും സഹപ്രവർത്തകനുമായ ഷാജുവിന്റെ അറിവും ധൈര്യവും സ്ഥാപനത്തിന് മുതൽക്കൂട്ടാകും.
1997ൽ യു.എൽ.സി.സി.എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു, പിന്നീട് വിവിധ ചുമതലകൾ ഏറ്റെടുത്ത് 2009 മുതൽ 17 വർഷത്തോളം സെക്രട്ടറിയും മാനേജിംഗ് ഡയരക്ടറുമായി പ്രവർത്തിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനവും വളർച്ചയുടെ ഓരോ ഘട്ടവും നേരിട്ടറിഞ്ഞ ദീർഘകാല പരിചയമാണ് പുതിയ ചെയർമാന്റെ പ്രധാന കരുത്ത്. രമേശൻ പാലേരിയുമായി അടുത്തുനിന്ന് പ്രവർത്തിച്ച വർഷങ്ങളിലെ അനുഭവവും അദ്ദേഹത്തിന്റെ നേതൃത്വത്തിന് വലിയ പിന്തുണയാകും.
യു.എൽ.സി.സി.എസിന്റെ വളർച്ചയ്ക്കൊപ്പം അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിലും വളർച്ചയിലും ഷാജുവിന്റെ പങ്കാളിത്തമുണ്ട്. യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ് (യു.എൽ.ടി.എസ്) തുടങ്ങിയ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിലും വികസനത്തിലും സജീവമായി ഇടപെട്ടു. സൊസൈറ്റിയുമായി ഉറ്റബന്ധമുള്ള ആളാണ് പുതിയ ചെയർമാൻ. മുത്തച്ഛൻ എസ്. കണാരനും അദ്ദേഹത്തിന്റെ പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നൽകിയ 14അംഗ പ്രമോട്ടിംഗ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവർത്തകരും ഗുരുവാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു. രമേശൻ പാലേരി സ്വപ്നം കണ്ട വികസന സങ്കൽപ്പങ്ങൾക്ക് തുടർച്ച നൽകുന്നതിനൊപ്പം യു.എൽ.സി.സി.എസിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഷാജു പറഞ്ഞു. നിർമാണ, അടിസ്ഥാനസൗകര്യ മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം തന്നെ കേരളത്തിന് പുറത്തേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അന്താരാഷ്ട്രതലത്തിലേക്കും യു.എൽ.സി.സി.എസിന്റെ പ്രവർത്തനങ്ങളും പദ്ധതികളും എത്തിക്കും. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനും പദ്ധതിയുണ്ട്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് ഷാജു വ്യക്തമാക്കി. മാനേജിംഗ് ഡയരക്ടറായി പ്രവീൺകുമാർ കെ ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |