കോഴിക്കോട്: ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് ജാതിമതഭേദമന്യേ എല്ലാ വീടുകളിലും ഗുരുദേവ സന്ദേശങ്ങൾ എത്തിക്കുന്നതിനും കോഴിക്കോട് താലൂക്ക് യൂണിയനു കീഴിലെ മുഴുവൻ ഗ്രാമങ്ങളിലും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ബൃഹത്തായ കർമ്മപരിപാടികൾക്ക് കോഴിക്കോട് യൂണിയൻ രൂപം നൽകിയതായി സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. ഭാവി ഭാരതത്തിന് വെളിച്ചം പകരാൻ പര്യാപ്തമായ ഗുരുദർശനം കാലദേശസീമകൾക്കപ്പുറം വ്യാപിപ്പിക്കാനുള്ള ധാർമ്മിക ബാദ്ധ്യത ഓരോ ശ്രീനാരായണീയനുമുണ്ടെന്നും പറഞ്ഞു. കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച 99-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം അദ്ധ്യക്ഷനായി. ബ്രഹ്മചാരി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേഷ് പി. മാങ്കാവ്, ജഗത് മയൻ ചന്ദ്രപുരി, യൂണിയൻ ഭാരവാഹികളായ വി.സുരേന്ദ്രൻ, പി.കെ. ഭരതൻ, ലളിതാ രാഘവൻ, പി.കെ. ശ്രീലത, ശാലിനി ബാബുരാജ്, ഷമീന സന്തോഷ്, സുജ നിത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ ആചരിച്ചു. ഗുരുപൂജ, നാമജപം, പ്രാർത്ഥന തുടങ്ങിയവയാണ് പ്രധാനമായും നടന്നത്.
ബേപ്പൂർ എസ്.എൻ.ഡി.പി യൂണിയന്റെ വിവിധ ശാഖകളിൽ ഗുരുസമാധി ആചരിച്ചു. ബേപ്പൂർ, ബേപ്പൂർ കാരാട്ട്, പുറ്റെക്കാട്, മണ്ണൂർ, ഫറോക്ക്, ഫറോക്ക് കോളേജ്, കൊടൽനടക്കാവ്, പന്തീരാങ്കാവ്, മാനാരി, ചുള്ളിപ്പറമ്പ്, നല്ലളം ശാഖകളിൽ വിപുലമായ ചടങ്ങുകളുണ്ടായി. ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനാ യോഗങ്ങളും ഗുരുപുഷ്പാഞ്ജലിയും നടന്നു. സമൂഹ പ്രാർത്ഥനയ്ക്കും ഗുരുദേവ കൃതികളുടെ ആലാപനത്തിനും ശേഷം സമാധിദിന സന്ദേശ പ്രഭാഷണങ്ങളും നടന്നു. യൂണിയൻ സെക്രട്ടറി അയനിക്കാട്ട് സതീഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് ശശീധരൻ പയ്യാനക്കൽ എന്നിവർ വിവിധ ശാഖകളിലെ ചടങ്ങുകളിൽ സംബന്ധിച്ചു.
വേങ്ങേരി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണെന്ന് ഗുരുധർമ്മപ്രചരണസഭ കേന്ദ്രകമ്മിറ്റിയംഗം പി.പി.രാമനാഥൻ പറഞ്ഞു. ഗുരുസമാധി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അനൂപ് അർജുൻ അദ്ധ്യക്ഷനായി. വി.ആർ. ഷൈൻ, പി.എ. ദേവദാസ്, കെ. മനോഹരൻ, ബാലൻ വെളിപാലത്ത്, കെ.സി.രമേഷ് നാരായണൻ, പി.പി.രാജൻ, എം. ടി.ബിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുപൂജയോട് കൂടി ആരംഭിച്ച പരിപാടി ഗുരുദേവ കൃതികളുടെ പാരായണത്തോടെ സമാപിച്ചു.
വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെയും ഉപവാസത്തോടെയും ഗുരു മഹാസമാധി യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ ഗുരുദേവ പ്രതിമയിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. ഡയരക്ടർ ബോർഡ്മെമ്പർ ബാബു പൂതംപാറ മുഖ്യ പ്രഭാഷണം നടത്തി. ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ സ്വാഗതം പറഞ്ഞു. ഡയരക്ടർ ബോർഡ് മെമ്പർ ബാബു.സി.എച്ച്, കൗൺസിലർമാരായ ജയേഷ് വടകര, പവിത്രൻ വീരഞ്ചേരി, സുനിൽ വട്ടോളി, വിനോദൻ, പാറക്കണ്ടി ബാലൻ, വനിതാ സംഘം സെക്രട്ടറി ഗീതരാജീവ്, അനിത സജീവൻ, ഷൈനി സജീവൻ എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടി: എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ സമാധി ദിനം ആചരിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജയും പ്രാർത്ഥനയോടും കൂടി ആരംഭിച്ചു. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ അംഗങ്ങളായ ചോയിക്കുട്ടി. സുരേഷ് മേലെ പുറത്ത്, പി.വി പുഷ്പരാജ്, കെ.വി സന്തോഷ് കുമാർ, കുഞ്ഞികൃഷ്ണൻ, സതീശൻ കോമത്ത് കര എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |