കോഴിക്കോട്: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ കാലിക്കറ്റ് എഫ്.സിയ്ക്ക് വേണ്ടി പന്തുതട്ടേണ്ടിയിരുന്ന കാലുകളാണ് ഇന്നലെ മൈതാനത്ത് നിശ്ചലമായി എത്തിയത്. നിരവധി മൈതാനങ്ങൾ താണ്ടിയ, കളിക്കളത്തിൽ പ്രതിരോധത്തിന്റെ കരുത്തായിരുന്ന റിജോൺ ജോസിന്റെ ചേതനയറ്റ ശരീരം സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഒഴുകിയെത്തിയത് നൂറു കണക്കിന് ഫുട്ബോൾ പ്രേമികൾ. മത്സരത്തിനായി കാലിക്കറ്റ് എഫ്.സി ഒരുങ്ങുന്നതിനിടയിലാണ് ടീം ഡിഫൻഡറുടെ അപ്രതീക്ഷിത വിടപറയൽ. ക്ലബ് അധികൃതരും ആരാധകരും അടങ്ങുന്ന കായിക പ്രേമികൾ റിജോണിനെ അവസാനമായി കാണാൻ സ്‌റ്റേഡിയത്തിൽ നേരത്തെ തടിച്ചുകൂടിയിരുന്നു. കാലിക്കറ്റ് എഫ്.സിയുടെ കുപ്പായത്തിൽ പ്രതിരോധനിരയിൽ നടത്തിയ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമായിരുന്നു. 2024ലെ സൂപ്പർ ലീഗ് കേരള കിരീടനേട്ടത്തിലും ടീമിനൊപ്പമുണ്ടായിരുന്ന റിജോണിന്റെ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തിന് വലിയ ആഘാതമായി. പകല്‍ രണ്ടരയോടെ കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട് കൂടിയായ ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകിയതോടെ പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ വൈകി നാലരയോടെയാണ് മൃതദേഹം സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. പൊതുദർശനത്തിന് എത്തിയവരിൽ കാലിക്കറ്റ് എഫ്.സിയിലെ മറ്റുള്ള താരങ്ങൾക്കൊപ്പം റിജോണിനൊപ്പം മുൻപ് കളിച്ചിരുന്ന നിരവധി താരങ്ങളും ഉണ്ടായിരുന്നു. കളിക്കളത്തിൽ എതിരാളികളായും സഹതാരങ്ങളായും റിജോണിനൊപ്പം നിന്നവർ ചേതനയറ്റ സുഹൃത്തിന്റെ അരികിലെത്തിയപ്പോൾ പലർക്കും കണ്ണീരടക്കാനായില്ല.
റിജോണിന്റെ വിയോഗവാർത്ത ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കോഴിക്കോട്. ഫുട്ബോളിനോട് അതിരറ്റ സ്നേഹമുള്ള നഗരത്തിൽ കാലിക്കറ്റ് എഫ്.സിയുടെ കുപ്പായത്തിൽ കളിച്ച റിജോണിന് ആരാധകർക്കിടയിലും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അഡ്വ. കെ.ജയന്ത് എം.എൽ.എ, സ്പോർട്സ് കൗൺസിൽവൈസ് പ്രസിഡന്റ് റോയ് ജോൺ, ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജേഷ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |