SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.01 AM IST

കുതിച്ചുയർന്ന് രാസവളം വില , ഫാക്ടംഫോസിന് കൂടിയത് 825 രൂപ

eeee
കുതിച്ചുയർന്ന് രാസവളം വില

കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവിനെ തുടർന്ന് അവയുടെ വില കൂടിയത് കർഷകർക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന വളങ്ങളുടെ ലഭ്യതക്കുറവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വില വർദ്ധിച്ചതോടെ വളം വാങ്ങുന്നത് കർഷകർ വെട്ടിക്കുറച്ചെന്ന് ഡീലർമാർ പറയുന്നു. വിൽപ്പന നേർപകുതിയായി കുറഞ്ഞ വളം ഡിപ്പോകളുമുണ്ട്.
കേരളത്തിലെ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് 55.2 ശതമാനമാണ് ഉയർന്നത്. 50 കിലോ ചാക്കിന് 1,475 രൂപയായിരുന്നത് 2,300 രൂപയായി. വിലയിൽ 150 രൂപയുടെ കുറഞ്ഞെങ്കിലും പഴയ വിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അമോണിയം സൾഫേറ്റിന്റെ വില 910 രൂപയിൽ നിന്ന് 1,400 രൂപയായും എൻ.പി.കെ. 15:15:15ന്റെ വില 1,100 രൂപയിൽനിന്ന് 1,650 രൂപയായും ഉയർന്നു. നിലവിൽ ഡി.എ.പി. 1,350 രൂപ, ടി.എസ്.പി. 1,300, എസ്.എസ്.പി. 640, എം.ഒ.പി. 2,200 രൂപ എന്നിങ്ങനെയാണ് വില. യൂറിയയ്ക്കാണ് വലിയ വിലവർദ്ധന ഉണ്ടാകാതിരുന്നത്. രാസവളമുണ്ടാക്കാൻ ആവശ്യമായ സൾഫർ, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയവയുടെ ആഗോളവിലയിലുണ്ടായ വർദ്ധനയാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഇവയുടെ ഇറക്കുമതിയിലും കുറവുണ്ടായി. വളം നിർമ്മാണത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും വില കൂടിയതും നിർമാണച്ചെലവ് കൂട്ടി.

വിനയായി ഇന്ധന വില വർദ്ധനവും

കൊച്ചി ബി.പി.സി.എലും മംഗളൂരു എം.ആർ.പി.എലുമായി ദീർഘകാല ധാരണാപത്രം നിലവിലുള്ളതിനാലാണ് ഫാക്ട് കൊച്ചി ഡിവിഷന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ ലഭ്യമാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനുപുറമെ ഇന്ധനവിലയും ഗതാഗതച്ചെലവും ഉയർന്നതോടെ വളങ്ങളുടെ ചില്ലറവിൽപ്പന വില പ്രാദേശികമായി കൂടി.

"രാസവളത്തിന്റെ വിലകുറച്ച് കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കാൻ കേന്ദ്ര ഇടപെടൽ വേണം. മിക്ക വിളകൾക്കും ഉത്പാദനച്ചെലവു പോലും ലഭിക്കാത്ത ദുരവസ്ഥയിലാണ് കർഷകർ"

മാജുഷ് മാത്യു, സംസ്ഥാന പ്രസിഡന്റ്, കർഷക കോൺഗ്രസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL