SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.00 AM IST

ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ൽ മരുന്നില്ല,​ ദു​രി​ത​ചി​കി​ത്സ

eeeee
ബീച്ച് ആശുപത്രിയിലെ ലബോറട്ടറി പ്രവർത്തിക്കുന്ന കെട്ടിടം

കോഴിക്കോട്: ഒ.പി. ടിക്കറ്റിനായി മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്, ഡോക്ടറെ കണ്ടുകഴിഞ്ഞാൽ പല മരുന്നുകളും പുറത്തുനിന്ന് വാങ്ങണം, ആവശ്യമായ പരിശോധനകൾക്കാകട്ടെ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ദുരിതമായി കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ സൗകര്യക്കുറവ്. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ പല മരുന്നുകളും മാസങ്ങളായി ലഭ്യമല്ല. വിവിധ ലാബ് പരിശോധനകൾ മുടങ്ങി. പുറമെ കാർഡിയോളജി ഐ.സി.യുവിൽ ടോയ്ലറ്റ് സൗകര്യമില്ലാത്തതും ഒ.പി. ടിക്കറ്റ് ലഭിക്കുന്നതിനുള്ള നൂലാമാലകളും രോഗികളെയും കൂട്ടിരിപ്പുകാരെയും കൂടുതൽ ദുരിതത്തിലാക്കുകയാണ്. പുലർച്ചെ മുതൽ ആശുപത്രിയിൽ കാത്തുനിന്നാലും പൂർണമായ ചികിത്സ ലഭിക്കാത്ത സ്ഥിതിയാണെന്നാണ് രോഗികൾ പറയുന്നത്.

മരുന്നില്ല

ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിൽ വേദനസംഹാരികൾ മുതൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ വരെ ലഭ്യമല്ലെന്നാണ് പരാതി. പല മരുന്നുകളും സ്റ്റോക്കില്ലാത്തതിനാൽ രോഗികൾ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. മണിക്കൂറുകളോളം കാത്തിരുന്ന് ഡോക്ടറെ കണ്ടശേഷം മരുന്നുകൾക്കായി പുറത്തേക്ക് പോകേണ്ടിവരുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് ഇരട്ടപ്രഹരമാകുന്നു. കിടത്തിച്ചികിത്സയിലുള്ള രോഗികൾക്കും ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. കാത്സ്യം ഫോസ്ഫേറ്റ്, ഫെറിറ്റിൻ, വൈറ്റമിൻ ഡി തുടങ്ങിയ പരിശോധനകൾ ആഴ്ചകളായി മുടങ്ങി. രാത്രിയിൽ കാഷ്വാലിറ്റിയിൽ ചികിത്സ തേടിയെത്തുന്നവരും ബുദ്ധിമുട്ടുകയാണ്. സമീപത്തെ സ്വകാര്യ ലാബുകൾ രാത്രി ഏഴോടെ അടയ്ക്കുന്നതിനാൽ തുടർപരിശോധനകൾക്കായി പാളയം, ചിന്താവളപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ലാബുകളിലേക്ക് പോകേണ്ടിവരുന്നു.

ഐ.സി.യുവിലും ദുരിതം

കാർഡിയോളജി ഐ.സി.യുവിൽ ടോയ്ലറ്റ് സൗകര്യമില്ലാത്തതും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുന്നു. അഞ്ച് കിടക്കകളുള്ള ഐ.സി.യുവിൽ ഓരോ കിടക്കയും കർട്ടൻ ഉപയോഗിച്ചാണ് വേർതിരിച്ചിരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സ്റ്റൂളോ യൂറിനറി ബോട്ടിലോ ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. സമീപത്തെ കിടക്കകളിൽ കഴിയുന്ന രോഗികൾക്കും പ്രായമായവർക്കും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു. ഐ.സി.യുവിൽ കഴിയുന്ന രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പുറത്തുപോകാനും സാധിക്കില്ല. കൂട്ടിരിപ്പുകാർ നിർബന്ധം പിടിച്ചാൽ വിശ്രമമുറിയിലെ ടോയ്ലറ്റ് ഉപയോഗിക്കാൻ അനുമതി ലഭിക്കാറുണ്ടെങ്കിലും സ്വന്തം ഉത്തരവാദിത്വത്തിൽ പുറത്തുപോകുന്നുവെന്ന് എഴുതി നൽകണം. മാത്രമല്ല, വിശ്രമമുറിയിലെ ടോയ്ലറ്റ് വൃത്തിഹീനമാണെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പരാതിപ്പെടുന്നു.

പുലർച്ചെ അഞ്ചിന് എത്തിയതാണ്. എന്നാൽ ഡോക്ടറെ കാണിച്ച് പരിശോധനകൾ പൂർത്തിയാക്കാനുമൊക്കെയായി ഒരു മണിയായി.ഡോക്ടർ കുറിച്ച അഞ്ച് മരുന്നുകളിൽ രണ്ടെണ്ണം മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവ പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. എക്കോ പരിശോധനയ്ക്കായി വീണ്ടും 12ന് എത്താൻ പറഞ്ഞു.

ഫാത്തിമ, ആശുപത്രിയിലെത്തിയ രോഗി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL