കോഴിക്കോട്:ടാറിന്റെ വില കുത്തനെ ഉയർന്നതോടെ റോഡ് നിർമാണ പ്രവർത്തനങ്ങളും പ്രതിസന്ധിയിൽ. പെട്രോളിയം ഉൽപ്പന്നമായ ടാറിന്റെ വിലയിലുണ്ടായ വർദ്ധനവും ക്വാറികളുടെ പ്രവർത്തന തടസവും കാരണം ടെൻഡർ ഏറ്റെടുത്ത പല പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ കരാറുകാർക്ക് കഴിയാത്ത അവസ്ഥയാണ്. കുഴികളടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കേണ്ട സമയത്താണ് നിർമാണച്ചെലവിലുണ്ടായ വർദ്ധന അറ്റകുറ്റപ്പണികളെയും പുനർനിർമാണ പ്രവൃത്തികളെയും പ്രതികൂലമായി ബാധിച്ചത്.
പ്രവൃത്തികൾ വൈകുന്നത് ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമാകുന്നതിനൊപ്പം അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുകയാണ്. നേരത്തെ 9,000 രൂപ വിലയുണ്ടായിരുന്ന ഒരു ബാരൽ ടാറിന് ഇപ്പോൾ 17,000 രൂപയിലധികം നൽകണം.ടാറിന് പുറമേ പാറ, മണൽ, എം സാന്റ്, ക്വാറിമേക്ക് ഉത്പ്പന്നങ്ങൾക്കും കമ്പിക്കും വില വർദ്ധിച്ചു. ഇതോടെ കരാറെടുത്ത തുകയ്ക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ ചെലവേറി.
ആവശ്യം, നാലിരട്ടി ടാർ
ടെൻഡർ നടപടികളിൽ 2021ലെ ഡി.എസ്.ആർ (ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റ്സ്) നിരക്കുകളാണ് അടിസ്ഥാനമാക്കുന്നത്. എന്നാൽ ടെൻഡർ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലെത്തുമ്പോഴേക്കും നിർമാണ സാമഗ്രികളുടെ വിലയിൽ വലിയ വർദ്ധനയുണ്ടാകുന്നതാണ് പ്രധാന പ്രതിസന്ധി. വിലക്കയറ്റത്തിനനുസരിച്ച് കരാർ തുകയിൽ മാറ്റമില്ലാത്തതും പ്രവൃത്തികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് തടസമാകുന്നു. ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഗ്രാമീണ റോഡുകളുടെ ഉൾപ്പെടെ നിർമ്മാണം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തിയതോടെ പരമ്പരാഗത നിർമ്മാണരീതിയേക്കാൾ നാലിരട്ടി ടാറാണ് ആവശ്യമായി വരുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. എന്നാൽ വിലക്കയറ്റവും സാമ്പത്തിക ബാദ്ധ്യതയും കാരണം പലയിടങ്ങളിലും നിർമാണ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രവൃത്തികൾ വൈകുന്നത് റോഡുകളുടെ അറ്റകുറ്റപ്പണികൾ അനിശ്ചിതത്വത്തിലാക്കുന്നതിനൊപ്പം യാത്രക്കാർക്കും ദുരിതമാകുകയാണ്. ടാറിന്റെ വിലവർദ്ധന മൂലമുണ്ടാകുന്ന അധികബാധ്യത പരിഗണിച്ച് ദേശീയപാത അതോറിറ്റി കരാറുകാർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്നാണ് കരാറുകാർ ചൂണ്ടിക്കാട്ടുന്നത്. സമാനമായ രീതിയിൽ സംസ്ഥാന സർക്കാരും നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
"നിർമാണ സാമഗ്രികളുടെ വിലവർദ്ധനയുടെ അധിക ബാധ്യത കരാറുകാർക്ക് മാത്രം വഹിക്കാനാകില്ല. വിലവർദ്ധന മൂലമുള്ള അധിക ചെലവിന് പരിഹാരം കാണണം . ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാഹചര്യമൊരുക്കണം"
-കെ.വി. സന്തോഷ് കുമാർ
ജില്ലാ പ്രസിഡന്റ്,
ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |