SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

നമ്മൾക്കാവുമോ, പരിമിതികളില്ലാത്ത സഞ്ചാരം? @റാംപുകളില്ലാതെ ഭിന്നശേഷിക്കാർ ദുരിതത്തിൽ

handicapped
ഭിന്നശേഷിക്കാർ

കോഴിക്കോട്: 'ഒരിക്കൽ എനിക്ക് കടൽ കാണണമെന്ന് ഭയങ്കര ആഗ്രഹം തോന്നി. കേട്ടയുടൻ ഒരു കസിൻ എന്നെയും കൊണ്ട് കോഴിക്കോട് ബീച്ചിലേക്ക് പോയി. പൂഴിയിലൂടെയാണ് വീൽചെയറും തള്ളി അവൻ പോയത്. തിരിച്ചുവന്നപ്പോഴേക്കും വീൽചെയർ കേടായിരുന്നു. അതിനുശേഷം അങ്ങനെയുള്ള സ്ഥലങ്ങളിൽ പോവാനുള്ള ആഗ്രഹം അടക്കിപ്പിടിക്കുകയാണ് പതിവ്'. ഭിന്നശേഷിക്കാരിയായ കോഴിക്കോട്ടുകാരി റീനയുടെ വാക്കുകളാണിത്.

എല്ലാവർക്കും തുല്യാവകാശവും അവസരവും ഉറപ്പാക്കണമെന്ന് ആവർത്തിക്കുമ്പോഴും പൊതുഇടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഭിന്നശേഷിക്കാർ നേരിടുന്ന ദുരിതത്തിന്റെ നേർചിത്രമാണിത്. ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനുള്ള നിയമങ്ങളും പദ്ധതികളും നിലനിൽക്കുമ്പോഴും അവയുടെ പ്രായോഗിക നിർവഹണം പല ഇടങ്ങളിലും പിന്നിലാണ്. വെള്ളയിൽ തേർവീട് റോഡിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ ജില്ലാ കലോത്സവത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രകടമായി. ആദ്യദിനം മത്സരങ്ങൾ നടന്ന ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോമിൽ ആവശ്യത്തിന് റാംപ് സൗകര്യങ്ങളും അനുബന്ധ ക്രമീകരണങ്ങളുമില്ലാത്തത് കുട്ടികളെയും അവരെ കൊണ്ടുവന്ന അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.

പൊതുജനങ്ങൾ നിത്യേനയെത്തുന്ന സർക്കാർ സ്ഥാപനങ്ങളിലും പ്രവേശനസൗകര്യങ്ങൾ പര്യാപ്തമല്ല. ചിലയിടങ്ങളിൽ റാംപുകളുണ്ടെങ്കിലും ശാസ്ത്രീയമായ ചെരിവും സുരക്ഷിതമായ കൈവരികളും ഇല്ലാത്തത് വീൽചെയർ ഉപയോഗിക്കുന്നവർക്ക് അവ പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നു. കോഴിക്കോട് ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും റാംപിന്റ അഭാവം ഭിന്നശേഷിക്കാരുടെ പ്രവേശനം പരിമിതപ്പെടുത്തുയാണ്. പൊതുകെട്ടിടങ്ങളും സ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഭിന്നശേഷിക്കാരുടെ അവകാശ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ നിയമപരമായ വ്യവസ്ഥകൾ ഉണ്ടായിട്ടും അവ നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രധാന പ്രശ്നം. ബാരിയർ ഫ്രീ സിറ്റി, സഹമിത്ര തുടങ്ങിയ പദ്ധതികളിലൂടെ പ്രവേശനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും അവയുടെ പ്രായോഗിക ഫലപ്രാപ്തി ഉറപ്പാക്കേണ്ടതുണ്ട്. കെട്ടിടങ്ങളിൽ റാംപ്, ഭിന്നശേഷി സൗഹൃദ ശുചിമുറി, തടസ്സരഹിത പ്രവേശനപാത, അനുയോജ്യമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്. സൗകര്യങ്ങൾ ഒരുക്കിയെന്ന അവകാശവാദത്തിനപ്പുറം അവ യഥാർഥത്തിൽ ഉപയോഗിക്കാനാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അധികൃതരുടെ കടമയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL