കൽപ്പറ്റ: യാത്രയായത് പരമ്പരാഗത നെൽവിത്തുകളെയും മണ്ണിനെയും ചേർത്തുപിടിച്ച വയനാടിന്റെ നെല്ലച്ഛനെയാണ്. ജീവിതത്തിന്റെ അവസാന നാളുകൾ വരെ കൃഷിയെ സ്നേഹിക്കുകയും മണ്ണിനെ അമ്മയായും നെൽവിത്തുകളെ സ്വന്തം മക്കളായുമാണ് സ്നേഹിച്ചുപോന്നത്. കേരളത്തിന്റെ കാർഷികപൈതൃകത്തിന് നഷ്ടപ്പെടുന്നത് ഒരു കർഷകനെ മാത്രമല്ല തലമുറകളുടെ അറിവും അനുഭവവും നെഞ്ചേറ്റി ജീവിക്കുന്ന ഒരുചരിത്രമാണ്. കൃഷിയിലുള്ള അറിവ് മറ്റുള്ളവരിലേയ്ക്ക് പകർന്നുനൽകുക എന്നത് തന്റെ കടമയാണെന്ന ബോദ്ധ്യമാണ് തന്നെ കാണാനെത്തുന്ന കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് കൃഷിയറിവ് പറഞ്ഞും കാണിച്ചും നൽകിവന്നത്.
മാനന്തവാടിക്കടുത്ത് കമ്മന ഗ്രാമത്തിൽ കുറിച്യ സമുദായത്തിൽ ജനിച്ച രാമേട്ടന്റെ ജീവിതം ചെറുപ്പം മുതലേ മണ്ണിനോടു ചേർന്നതായിരുന്നു. പന്ത്രണ്ടാം വയസിൽ കൃഷിപ്പണി ആരംഭിച്ച അദ്ദേഹം, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി ഒരു സംസ്ക്കാരമായും ഉത്തരവാദിത്വമായും കണ്ടു. കാലം മാറിയപ്പോൾ പലരും പാരമ്പര്യ കൃഷിരീതികളിൽനിന്ന് അകന്നുപോയെങ്കിലും, രാമേട്ടൻ തന്റെ വഴിയിൽ ഉറച്ചുനിന്നു. അന്യംനിന്നുപോകുന്ന നാടൻ നെൽവിത്തുകളെ സംരക്ഷിക്കണമെന്ന ചിന്ത അദ്ദേഹം ജീവിതലക്ഷ്യമാക്കി മാറ്റി.
തലമുറകളായി കുടുംബങ്ങൾ കാത്തുസൂക്ഷിച്ച വിത്തുകൾ തേടിയുള്ളയാത്രയ്ക്ക് തുടക്കം കുറിച്ചത് കാൽനൂറ്റാണ്ടു മുമ്പാണ്. പഴമയും പെരുമയും മണ്ണിന്റെ ഓർമകളും പേറുന്ന ഓരോ വിത്തിനെയും അദ്ദേഹം കരുതലോടെ ശേഖരിച്ചു. തുടക്കത്തിൽ വെറും അഞ്ചിനം പാരമ്പര്യ നെൽവിത്തുകൾ ശേഖരിച്ചായിരുന്നു തുടക്കം . ഇന്ന് അറുപതിനം നെൽവിത്തുകളാണ് നെല്ലച്ഛന്റെ ശേഖരത്തിലുള്ളത്. ആറ് തലമുറകളായി കൈമാറിവന്നതും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്നതുമായ വിത്തുകളും കൈവശമുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. എന്നാൽ, ആ വിത്തുകൾ ശേഖരിച്ചുവയ്ക്കുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ സംതൃപ്തി. അവ വീണ്ടും മണ്ണിലിറങ്ങണം, കതിരണിയണം, അടുത്ത തലമുറയുടെ കൈകളിലേക്ക് കൈമാറണമെന്നതായിരുന്നു വലിയ സ്വപ്നം.
അറിവും അനുഭവവും അദ്ധ്വാനവും കൈമുതലാക്കി, രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായമില്ലാതെ അറുപതോളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്ന രാമേട്ടൻ, പ്രകൃതിയോട് ഇണങ്ങിനിന്ന കൃഷിയുടെ ഉജ്ജ്വല മാതൃകയായി മാറുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളിക്ഷാമവും രോഗങ്ങളും കീടബാധകളും വെല്ലുവിളികളുയർത്തിയപ്പോഴും പിന്മാറാതെ അദ്ദേഹം കൃഷി തുടർന്നു. പ്രകൃതിയെ മനസിലാക്കി മണ്ണിനോട് ഇണങ്ങി കൃഷി ചെയ്താൽ വിത്തുകൾക്ക് സ്വന്തം പ്രതിരോധശേഷിയുണ്ടാകുമെന്ന് അദ്ദേഹം തെളിയിച്ചു. രാമേട്ടന്റെ കൃഷിയിടം പാരമ്പര്യത്തിന്റെ പാഠശാലയായിരുന്നു. അവിടെ ഓരോ നെൽവിത്തിനും പറയാൻ ഒരു കഥയുണ്ടായിരുന്നു. അവ ഇനിയും ഓർമ്മിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |