കൽപ്പറ്റ: പാടത്തു നിന്ന് പഠനമുറികളിലേക്ക് എത്തിയ കഥയാണ് പദ്മശ്രീ ചെറുവയൽ രാമന്. തൂമ്പ പൊങ്ങുന്ന കാലം തൊട്ട് പാടത്തും പറമ്പിലും ഒതുങ്ങിയ ജീവിതം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർഷിക മേഖലയിലെ പൊതുവേദികളിലാണ്. കാർഷിക സർവകലാശാല സെനറ്റ് അംഗം മുതൽ പദ്മശ്രീ വരെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. പാരമ്പര്യ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ പശുവളർത്തലും കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോയി. പരമ്പരാഗതമായി ലഭിച്ച ഭൂമിയിൽ ജൈവരീതിയിൽ കൃഷി ചെയ്തിരുന്ന സമൂഹമാണ് കുറിച്യർ. പുല്ല് മേഞ്ഞ വീടുകൾ, പനത്തടികൊണ്ട് നിർമിച്ച കാലിത്തൊഴുത്തുകൾ, ചപ്പും ചവറും ചാണകവും വളമാക്കിയ നെൽകൃഷി. വിത്തുകൾ നശിക്കാതിരിക്കാൻ ഓരോ വർഷവും മാറിമാറി ഓരോ ഇനങ്ങൾ പാടത്ത് വിതച്ചു. വിളവ് വീട്ടാവശ്യത്തിനും വിത്തിനുമായി ശേഖരിച്ചു വെച്ചു. തലമുറകളോളം തുടർന്ന വിത്ത് സംരക്ഷണത്തിന്റെ കാവലാളായി ചെറുവയൽ രാമൻ. കൈവശമുണ്ടായിരുന്ന 65ഓളം നെൽവിത്തിനങ്ങളെ അദ്ദേഹം പൊതുസമൂഹത്തിന് പരിചയപ്പെടുത്തി. 2000നും 2005നും ഇടയിലാണ് രാമൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് പൊതുവേദികളിൽ എത്തി കൃഷിയെയും കൃഷിരീതികളെയും വിത്തുകളെയും കുറിച്ച് പ്രചരിപ്പിച്ചു. ആദ്യകാലത്ത് രാഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നെങ്കിലും പിന്നീട് കൃഷി മാത്രമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം. രണ്ടു പതിറ്റാണ്ടിനിടെ നിരവധി പുരസ്കാരങ്ങൾ. 2016ൽ മന്ത്രി വി.എസ്. സുനിൽകുമാറാണ് രാമനെ കേരള കാർഷിക സർവകലാശാല സെനറ്റ് അംഗമാക്കിയത്. ആ പദവിയിലെത്തുന്ന ആദ്യ കർഷകനായിരുന്നു അദ്ദേഹം. വിദേശത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഏറെനാൾ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷവും കാർഷിക പഠനഗവേഷണ രംഗത്ത് സജീവമായി തുടർന്നു. തറവാട്ടിൽ തന്നെ കാണാൻ എത്തുന്നവരോടെല്ലാം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കാർഷിക പൈതൃകത്തെക്കുറിച്ചും വാചാലനായി. കേരളത്തിനകത്തും പുറത്തു നിന്നും നിരവധി വിദ്യാർത്ഥികളും ഗവേഷകരും പഠനത്തിനായി കമ്മനയിൽ എത്തിയിരുന്നു. പദ്മശ്രീ ലഭിച്ചപ്പോഴും അഹങ്കരിക്കാതെ തന്റെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ചു. കൃഷി വകുപ്പ് ആദ്യമായി പ്രഖ്യാപിച്ച ഉമ്മൻചാണ്ടി സ്മാരക പുരസ്കാരത്തിനൊപ്പം 5 ലക്ഷം രൂപ ലഭിച്ചപ്പോൾ ഏറെ സന്തോഷവാനായിരുന്നു. പുരസ്കാരങ്ങൾ സൂക്ഷിക്കാൻ ഒരു കെട്ടിടം നിർമിക്കണമെന്ന് കഴിഞ്ഞ കർഷകദിനത്തിൽ വീട്ടിലെത്തിയ മന്ത്രി ടി. സിദ്ദിഖ് പറഞ്ഞപ്പോൾ, ഇവിടെ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |