കോഴിക്കോട്: ട്രാക്കിൽ വേഗവും ഫീൽഡിൽ കരുത്തും ദൂരവും ഉയരവും അളന്ന പ്രകടനങ്ങൾ. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാംദിനം മെഡൽ തിളക്കങ്ങളേറെ. സ്വർണനേട്ടങ്ങൾക്കായുള്ള പോരാട്ടം മുറുകുമ്പോൾ പോയിന്റ് പട്ടികയിൽ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്ത്. സ്വന്തം മണ്ണിൽ നടക്കുന്ന കായികമേളയിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ താരങ്ങൾ. 100 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള ഓട്ടമത്സരങ്ങൾക്കൊപ്പം ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ലോങ് ജമ്പ്, പോൾവോൾട്ട്, ഹൈജമ്പ് തുടങ്ങിയ ഇനങ്ങളിലും താരങ്ങൾ മാറ്റുരച്ചു. ഓരോ ഇനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ മേളയുടെ പൊലിമ കൂട്ടി. വ്യക്തിഗത മികവിനൊപ്പം സ്കൂളുകളും ജില്ലകളും തമ്മിലുള്ള പോയിന്റ് പോരാട്ടവും ശക്തമായി. രാവിലെ ജൂനിയർ പെൺകുട്ടികളുടെ ലോങ് ജമ്പോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. തുടർന്ന് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടും ലോങ് ജമ്പും ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയും നടന്നു. ഉച്ചയ്ക്കുശേഷം സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ട്, ഡിസ്കസ് ത്രോ, സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് എന്നിവയിലും പോരാട്ടം അരങ്ങേറി. സബ് ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയും ഹൈജമ്പും ഉൾപ്പെടെയുള്ള ഇനങ്ങളും നടന്നു. ട്രാക്കിൽ 100 മീറ്റർ മത്സരങ്ങൾക്കൊപ്പം വൈകിട്ട് 1500 മീറ്റർ മത്സരങ്ങളും കായികപ്രേമികളുടെ ശ്രദ്ധനേടി.
@കത്തിക്കയറി വിവാദം
സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ വീണ്ടും പുഴുവിനെ കണ്ടതായി പരാതി. ഇന്നലെ ഉച്ചഭക്ഷണത്തിലാണ് പുഴുവിനെ കണ്ടതായി പരാതിപ്പെട്ടത്. നേരത്തേ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെ മേളയിലെ ഭക്ഷണവിതരണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുള്ള ചർച്ച വീണ്ടും സജ്ജീവമായി. അതേസമയം, സംഭവങ്ങൾ മേള അലങ്കോലമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് സംഘാടകസമിതിയുടെ ആരോപണം. അതിനിടെ വ്യാജപ്രചാരണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനും വൈസ് പ്രസിഡന്റ് കെ.കെ. നവാസും അറിയിച്ചു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കായികമേള കോഴിക്കോട് നടത്താൻ തീരുമാനിച്ചതു മുതൽ മേളയ്ക്കെതിരായ പ്രവർത്തനങ്ങളും വ്യാജപ്രചാരണങ്ങളും ആരംഭിച്ചിരുന്നുവെന്നാണ് ഇരുവരുടെയും ആരോപണം. മേളയുടെ സ്വീകാര്യതയിലും വിജയത്തിലും അസൂയപൂണ്ട ചില തത്പരകക്ഷികൾ രാഷ്ട്രീയ നേട്ടത്തിനായി മേള അലങ്കോലമാക്കാൻ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |