പേരാമ്പ്ര: വർഷത്തിൽ രണ്ടുതവണ മികച്ച വിളവ് തന്നിരുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകളിലെ നെൽപ്പാടങ്ങൾ നാശത്തിന്റെ വക്കിൽ. എരവട്ടൂരിലെ പൈങ്കുളം, അഴകത്ത് പാടശേഖരങ്ങളിലായി 150 ലധികം ഏക്കർ വയലാണ് കൃഷി ചെയ്യാനാകാതെ കിടക്കുന്നത്. പാടങ്ങളിൽ വലിയ തോതിൽ കത്രികപ്പുല്ലും വള്ളിച്ചെടികളും മൂടിക്കിടക്കുകയാണ്. ഇതിനുപുറമേ പെരുമ്പാമ്പ്, കാട്ടുപന്നി, കീരി, ഉടുമ്പ് എന്നിവയുടെ സങ്കേതമായി പാടശേഖരം മാറി. കന്നുകാലികൾക്ക് പുല്ലിനായി പോലും വയലിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്. നിരവധി തവണ ഇവിടെ നിന്ന് പെരുമ്പാമ്പുകളെ പിടിച്ചിട്ടുണ്ട്. പന്നിശല്യവും രൂക്ഷമാണ്.
വെള്ളക്കെട്ടും തോടുകളുടെ ദുരവസ്ഥയും
നെൽപ്പാടത്തിലൂടെ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ നിലവിലുള്ള തോടുകൾ ജൈവതോടുകളാക്കി വീതികൂട്ടി ആഴം കൂട്ടേണ്ടതുണ്ട്. നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും വാല്യക്കോട് നിന്ന് കുറ്റ്യേട്ട് നട വഴി ആവള പാണ്ടി വരെ നീളുന്നതുമായ ആറു കിലോമീറ്ററോളം വരുന്ന പ്രധാന തോട് ഇന്ന് വെള്ളമൊഴുകാതെ കാടുമൂടി കിടക്കുകയാണ്. നരിക്കാപുഴ ഭാഗത്തുനിന്ന് തുടങ്ങി കിഴക്കേ താഴെ വരെ ജൈവതോട് നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ട് മാറി പൈങ്കുളം പാടശേഖരത്ത് കൃഷി സാധ്യമാകൂ. ഒരു വർഷം മുമ്പ് തോട് നവീകരണത്തിനായി 13.3 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വടകരയിലെ കേരള ലാൻഡ് ഡെവലപ്‌മെന്റ് ബോർഡിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. മുമ്പ് പുഞ്ചകൃഷിക്ക് പുറമേ വയനാട്ടിൽ നിന്ന് വിത്ത് കൊണ്ടുവന്ന് വസുമതി അരിവരെ വിജയകരമായി കൃഷി ചെയ്തിരുന്നു.
ഫാം ടൂറിസത്തിനും സാദ്ധ്യത
വൈകുന്നേരങ്ങളിൽ നൂറുകണക്കിന് ആളുകളാണ് പൈങ്കുളം പാടത്ത് എത്തുന്നത്. നിലവിൽ ഇവിടെ ജില്ലാ പഞ്ചായത്തിന്റെ ജലസംഭരണി നിർമ്മാണത്തിലുണ്ട്. സർക്കാർ വിചാരിച്ചാൽ ഇത് ഫാം ടൂറിസം പദ്ധതിയാക്കി മാറ്റി മത്സ്യകൃഷിയും മറ്റ് ഇടവിള കൃഷികളും നടത്താനും സാധിക്കും.
സർക്കാറും കൃഷി വകുപ്പും അവഗണന അവസാനിപ്പിക്കണമെന്നും കൃഷി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് പാടശേഖരസമിതി ഭാരവാഹികളായ വി.കെ. പ്രമോദ്, വി.ഒ. അബ്ദുൾ അസീസ്, എം.പി. ഗോപിനാഥൻ, പത്മനാഭൻ വി.പി എന്നിവർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |