കോഴിക്കോട്: നഗരത്തിൽ തെരുവുനായ ശല്യം അനുദിനം രൂക്ഷമാകുമ്പോഴും എങ്ങുമെത്താതെ നായകളെ മാറ്റിപ്പാർപ്പിക്കാനുള്ള കോർപ്പറേഷന്റെ ഷെൽട്ടർ പദ്ധതി. ഷെൽട്ടർ സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിച്ചിട്ടും ആരും മുന്നോട്ടുവന്നില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്താനും കഴിയുന്നില്ല. ജില്ലയിൽ തന്നെ ഷെൽട്ടർ ഒരുക്കാൻ സ്ഥലം ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കോർപ്പറേഷൻ. പകരം മറ്റെന്തെങ്കിലും മാർഗം കണ്ടെത്താനുള്ള ആലോചനയും തുടങ്ങി.
സ്ഥലമില്ല
കുറഞ്ഞത് പത്ത് തെരുവുനായകളെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറിയ ഷെൽട്ടറുകൾ സ്ഥാപിച്ച് നടത്താൻ താത്പര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമാണ് കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചത്. കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ളവർക്കും അപേക്ഷിക്കാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇതുവരെ ആരും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടില്ല. നൂറുകണക്കിന് നായകളെ ഒരു കേന്ദ്രത്തിൽ പാർപ്പിക്കുന്നത് പ്രായോഗികമല്ല. പരിസരവാസികളുടെ എതിർപ്പും സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുമാണ് കോർപറേഷനെ പ്രതിസന്ധിയിലാക്കുന്നത്. തെരുവുനായ പ്രശ്നത്തിന് ശാസ്ത്രീയവും മനുഷ്യസൗഹൃദവുമായ പരിഹാരം ലക്ഷ്യമിട്ട് മേയറുടെ അദ്ധ്യക്ഷതയിൽ മൃഗസ്നേഹി സംഘടനകളുടെ യോഗം ചേർന്ന് വിവിധ പദ്ധതികൾ ചർച്ച ചെയ്തിരുന്നു. അക്രമസ്വഭാവമുള്ള നായകളെ കണ്ടെത്തി ഷെൽട്ടറിലേക്ക് മാറ്റാൻ മൂന്നംഗ സമിതിയെയും രൂപീകരിച്ചു. വളർത്തുനായകൾക്ക് ലൈസൻസും മൈക്രോചിപ്പിംഗും ഉറപ്പാക്കാൻ വാർഡുതല ക്യാമ്പുകൾ നടത്താനും തീരുമാനിച്ചു. എന്നാൽ ഷെൽട്ടർ പദ്ധതിയുടെ അടിസ്ഥാന ആവശ്യമായ സ്ഥലവും നടത്തിപ്പുകാരെയും കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഡോഗ് പാർക്കും തഥൈവ
നഗരത്തിലെ തെരുവുനായ ശല്യം രൂക്ഷമായതോടെ നായകളെ സുരക്ഷിതമായി പാർപ്പിക്കാൻ ഡോഗ് പാർക്ക് ഒരുക്കാനും കോർപ്പറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. നഗരത്തിനുള്ളിലോ പുറത്തോ ജനവാസം കുറഞ്ഞ പ്രദേശത്ത് സ്ഥലം കണ്ടെത്തി വലിയ കൂടുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ പാർക്ക് ഒരുക്കാനായിരുന്നു പദ്ധതി. ആക്രമണകാരികളായ നായകൾ, രോഗബാധിതർ, വന്ധ്യംകരണം നടത്തിയ നായകൾ എന്നിവയെ ഇവിടെ പാർപ്പിക്കാനായിരുന്നു ലക്ഷ്യം. 2024–25 ബഡ്ജറ്റിലും പദ്ധതി നിർദേശിച്ചിരുന്നു. എന്നാൽ സ്ഥലം കണ്ടെത്താനാകാത്തതിനാൽ ഇതും മുന്നോട്ടുപോയില്ല.
ശല്യം രൂക്ഷം
നഗരത്തിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. റോഡുകളിലും കവലകളിലും കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. പ്രഭാതത്തിലും രാത്രിയിലും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
പദ്ധതിയ്ക്കായി സ്ഥലം ലഭ്യമാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്ഥലം നോക്കുന്നുണ്ട്.
കെ.എൻ. ബിജോയ്, കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |