SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

നീന്തൽക്കുളത്തിലെ 'മിന്നുംപ്രഭ' ഈ സ്നേഹപ്രഭ

1
സ്നേഹപ്രഭ

കോഴിക്കോട്: അറുപത്തിനാലായെങ്കിലും നീന്തൽക്കുളത്തിൽ പ്രായം മറക്കും സ്നേഹപ്രഭ. എണ്ണിയാലൊടുങ്ങാത്ത അത്രയും കുട്ടികളെ നീന്താൻ പഠിപ്പിച്ച ഈ വെള്ളന്നൂർ പുൽപ്പറമ്പുകാരി ഇപ്പോൾ തുഴയായി കൈകൾ വീശുന്നത് മെഡലുകൾ തൊടാനാണ്. രണ്ടാമത് ഏഷ്യൻ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിമെഡൽ നേടി രാജ്യാന്തര വേദിയിൽ മികവ് തെളിയിച്ചത് ഒടുവിലത്തെ നേട്ടം. 57-ാം വയസിൽ മത്സരക്കുളത്തിൽ ഇറങ്ങിയ സ്നേഹപ്രഭ ഇന്ന് സംസ്ഥാന, ദേശീയ മത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ്.

@ തുടക്കം 2022 ൽ

2022 ൽകോട്ടയത്ത്‌ നടന്ന പതിനൊന്നാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് മത്സരരംഗത്ത് വരവറിയിച്ചത്. വീടിനടുത്ത് സ്വന്തമായി നിർമിച്ച സ്നേഹപ്രഭ സ്വിമ്മിംഗ് അക്കാഡമിയിൽ പരിശീലിപ്പിക്കുന്നതിനിടെയാണ് മത്സരത്തെക്കുറിച്ച് അറിഞ്ഞതും പങ്കെടുത്തതും. പിന്നീട് നിരവധി മത്സരങ്ങളിൽ സ്വർണവും, വെള്ളിയും വെങ്കലവും ഉൾപ്പെടെ 14 മെഡലുകൾ സ്വന്തമാക്കി. 2025ൽ കൊച്ചിയിൽ നടന്ന സ്വിമത്തൺ അൾട്രയിൽ രണ്ട് കിലോമീറ്റർ ഓപ്പൺ വാട്ടർ നീന്തലിൽ പങ്കെടുത്തു. ഫ്രീ സ്റ്റൈൽ, ബാക്ക്സ്ട്രോക്ക് ആണ് പ്രധാന ഇനങ്ങൾ.

@ പൊതുക്കുളത്തിൽ നിന്ന്

സ്വന്തം നീന്തൽക്കുളത്തിലേക്ക്

അഞ്ചാം വയസിൽ അച്ഛനിൽ നിന്നാണ് നീന്തൽ പഠിച്ചത്. 2010ൽ നാട്ടിലെ കുട്ടികളെ സൗജന്യമായി നീന്തൽ പഠിപ്പിച്ചു തുടങ്ങി. വീടിനടുത്ത് 41 ലക്ഷം ചെലവഴിച്ചു സ്വന്തമായി നീന്തൽക്കുളം നിർമിച്ച് പരിശീലനം തുടർന്നു. സ്നേഹപ്രഭ സ്വിമ്മിംഗ് അക്കാദമിയിലൂടെ ഇതിനകം നീന്തൽ പഠിച്ചിറങ്ങിയത് 5,000ത്തിലധികം പേർ. പൊതുകുളത്തിലും സ്വന്തം അക്കാഡമിയിലുമായി പതിനായിരത്തിലധികം പേർക്കാണ് നീന്തൽ പരിശീലനം നൽകിയത്. രണ്ടുവയസുള്ള കുട്ടികൾ മുതൽ അറുപത് കഴിഞ്ഞവർ വരെ ശിഷ്യരായുണ്ട്. വീട്ടമ്മമാരും അദ്ധ്യാപകരും ഭിന്നശേഷിക്കാരായ കുട്ടികളും പരിശീലനത്തിൽ എത്തുന്നവരിലുണ്ട്. ഓരോ പരിശീലനത്തിനുശേഷവും ശുചീകരണം ഉറപ്പാക്കും.വരുമാനത്തിന്റെ ഒരുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു. ‘പ്രതീക്ഷ’ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റും ആരംഭിച്ചിട്ടുണ്ട്.

“നീന്തലിലൂടെ ആരോഗ്യവും ആത്മവിശ്വാസവും

നേടിയെടുക്കാൻ സാധിക്കും“- സ്നേഹപ്രഭ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL