കോഴിക്കോട്: മറ്റുള്ളവർക്ക് മാലിന്യമായി തോന്നുന്നവയിൽ പോലും സൗന്ദര്യവും സാദ്ധ്യതയും ഒളിഞ്ഞിരിപ്പുണ്ടെന്ന് സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ് എലത്തൂർ ഗുൽമോഹറിൽ സി.എം. മുരളീധരൻ. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും പഴയ കുടക്കമ്പികളും മരപ്പലകകളുമെല്ലാം മുരളീധരന്റെ കൈകളിലെത്തിയാൽ പുതിയ രൂപത്തിലേക്ക് മാറും. മറ്റുള്ളവർ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കളെയാണ് ഇദ്ദേഹം കരകൗശലവസ്തുക്കളാക്കി മാറ്റുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ പൂച്ചട്ടികളാകുമ്പോൾ പഴയ കുടക്കമ്പികളും പി.വി.സി പൈപ്പുകളും മരപ്പലകകളും അലങ്കാരവസ്തുക്കളും വീട്ടുപകരണങ്ങളുമായി രൂപം മാറുന്നു. ബുക്ക് ഷെൽഫുകൾ, ഡ്രസ് ഹാങ്ങറുകൾ തുടങ്ങി വ്യത്യസ്തങ്ങളായ വസ്തുക്കളാണ് മുരളീധരന്റെ കരവിരുതിൽ പിറക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ വെറുതെ പാഴാക്കിക്കളയേണ്ടതില്ലെന്ന ചിന്തയാണ് ഈ വേറിട്ട പ്രവർത്തനത്തിന് പിന്നിൽ.വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികൾക്കുശേഷം വീട്ടിൽ കഴിയേണ്ടിവന്ന സമയത്താണ് മുരളീധരൻ പുതിയൊരു വഴിയെക്കുറിച്ച് ചിന്തിച്ചത്. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവരിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങിയാണ് നിർമാണം. വിവിധതരം പശകൾ, പെയിന്റുകൾ, അലങ്കാര വസ്തുക്കൾ എന്നിവയും നിർമാണത്തിന് ആവശ്യമാണ്. ഒരു പ്ലാസ്റ്റിക് കുപ്പി മനോഹരമായ പൂച്ചട്ടിയായി മാറുമ്പോൾ അതിനു പിന്നിൽ മണിക്കൂറുകളുടെ അദ്ധ്വാനവും ഭാവനയുമുണ്ട്. ചെറിയ വരുമാനം ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഇതൊരു പാഷനായി മാറിയിരിക്കുകയാണ്. തന്റെ കൈകളിലൂടെ പാഴ്‌വസ്തുക്കൾക്ക് ലഭിക്കുന്ന പുതിയ രൂപം കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നാണ് മുരളീധരന്റെ ആഗ്രഹം. ഭാവിയിൽ ഇതൊരു ചെറിയൊരു സംരംഭമായി വളർത്താനുള്ള ശ്രമത്തിലാണ്. അതിനായി സാമൂഹ്യമാദ്ധ്യമങ്ങളെയും പ്രയോജനപ്പെടുത്തുന്നു.
"ഓരോ സൃഷ്ടിയും ഒരേ മാതൃകയിൽ ആവർത്തിക്കുന്നതിന് പകരം പുതിയ ആശയങ്ങൾ പരീക്ഷിക്കാനാണ് താത്പ്പര്യം"
-സി.എം. മുരളീധരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |