SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

കോഴിക്കോട്ടെ ബീച്ചുകളിൽ വിളക്കുകൾ കണ്ണടച്ചു വിളക്കുമരമേ,​ വെളിച്ചമെവിടെ?​

beach
beach

കോഴിക്കോട്: കടൽക്കാറ്റേറ്റ് അൽപ്പനേരം ചെലവഴിക്കാനെത്തുന്നവർക്ക് വെളിച്ചം പോലും ഒരുക്കാനാകാതെ അധികൃതർ. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലെ തെരുവുവിളക്കുകളും അലങ്കാരവിളക്കുകളുമെല്ലാം കണ്ണടച്ചിട്ട് മാസങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. കോഴിക്കോട് സൗത്ത്, നോർത്ത്, കോതി, ബേപ്പൂർ പുലിമുട്ട്, ഭട്ട് റോഡ്, കാപ്പാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാപിച്ച അലങ്കാരവിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. പുലർച്ചെ വരെ സന്ദർശകരെത്തുന്ന കോഴിക്കോട് ബീച്ചിൽ ആവശ്യത്തിന് വിളക്കുതൂണുകളുണ്ടെങ്കിലും അതിന് മുകളിൽലെ വിളക്കുകൾ കത്തുന്നില്ല. മെയിൻ സ്റ്റേജിന് സമീപവും ലയൺസ് പാർക്കിന്റെ പരിസരത്തും രാത്രിയിൽ ഇരുട്ടാണ്. ലയൺസ് പാർക്കിന്റെ ഭാഗത്ത് വിളക്കുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇവിടങ്ങളിൽ വർദ്ധിച്ചിരിക്കുകയാണ്.

ഫുഡ് സ്ട്രീറ്റുകൾ സജീവമാകുന്ന സൗത്ത് ബീച്ചിലും കോതിയിലും അവസ്ഥ ഇതുതന്നെ. സൗത്ത് ബീച്ചിലേക്കുള്ള പ്രവേശനഭാഗം തന്നെ ഇരുട്ടിലാണ്. കടൽക്കാറ്റേറ്റ് ഇരിക്കാനായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വെളിച്ചമില്ലാത്തത് സന്ദർശകരുടെ സുരക്ഷയെ ബാധിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി സൈക്കിൾ ട്രാക്ക്, നടപ്പാത, ഓപ്പൺ ജിം, അലങ്കാരവിളക്കുകൾ തുടങ്ങിയവ ഒരുക്കിയ കോതി ബീച്ചിൽ പേരിനുപോലും ഒരു വിളക്ക് കത്തുന്നില്ല. നടപ്പാതയ്ക്ക് ഇരുവശങ്ങളിലുമായി ഒരു കിലോമീറ്ററോളം ദൂരം അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് രാത്രിയിൽ ഇവിടെയുള്ളത്. ബേപ്പൂർ പുലിമുട്ടിൽ രണ്ടുമാസത്തിലേറെയായി ഒരു വിളക്കുപോലും കത്തുന്നില്ല. കടലിലേക്ക് ഏകദേശം രണ്ടുകിലോമീറ്റർ നീളത്തിൽ കല്ലുകൾ പാകി നിർമ്മിച്ച നടപ്പാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച 49 അലങ്കാരവിളക്കുകളാണ് അണഞ്ഞത്. ലൈൻ കമ്പികൾ സന്ദർശകർ നശിപ്പിച്ചതാണ് വിളക്കുകൾ പ്രവർത്തനരഹിതമാകാൻ കാരണമെന്നാണ് ഡി.ടി.പി.സി അധികൃതരുടെ വിശദീകരണം. പുതിയ ലൈൻ സ്ഥാപിക്കുന്നതിനായി സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

പരിപാലനമില്ല

2.15 കോടി രൂപ ചെലവിട്ട് നവീകരിച്ച ഭട്ട് റോഡ് ബീച്ചിലും പരിപാലനമില്ലായ്മ പ്രകടമാണ്. 2021 ജൂലായിൽ സന്ദർശകർക്കായി തുറന്നുകൊടുത്ത ബീച്ചിലെ അലങ്കാരവിളക്കുകൾ പലതും തൂണോടെ നിലംപൊത്തുകയും മറ്റുള്ളവ പൊട്ടിത്തൂങ്ങിക്കിടക്കുകയും ചെയ്യുകയാണ്. കുട്ടികളുടെ കളിയുപകരണങ്ങളും നശിച്ചു. വാട്ടർ ഫൗണ്ടേഷനും അനുബന്ധ വെളിച്ചസംവിധാനങ്ങളും പ്രവർത്തനരഹിതമാണ്. അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി നേടിയ കാപ്പാട് ബീച്ചിലും വിളക്കുകൾ പ്രവർത്തനരഹിതമാണ്. നവീകരണപ്രവർത്തനങ്ങൾ നടത്തിയിട്ടും വെളിച്ചക്കുറവ് പരിഹരിക്കപ്പെട്ടിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡും രാത്രിയാത്ര ദുഷ്കരമാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ചെന്ന അംഗീകാരം ലഭിച്ചിട്ടും സന്ദർശകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച തുടരുകയാണ്.

'' ബീച്ചിലെ പ്രധാന സ്റ്റേജിന് പിന്നിൽ ഇടിമിന്നലേറ്റതിനെത്തുടർന്നാണ് വിളക്കുകൾ തകരാറിലായത്. മീറ്റർ ഉൾപ്പെടെ മാറ്റി പുതിയ കണക്ഷൻ ലഭ്യമാക്കും''

-നിഖിൽ,

ഡി.ടി.പി.സി ബീച്ച്കെയർ ടേക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL