കടലുണ്ടി : ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കംകുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന് കുന്നത്ത് തറവാട്ടിലും കൊടിയേറി. തറവാട്ടു കാരണവർ കുന്നത്ത് വാസുദേവൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 7മണിയോടെയാണ് കോടിയേറ്റം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ പേടിയാട്ടു കാവിൽ ഭക്തജന സാന്നിദ്ധ്യത്തിൽ അഞ്ചാo പുണ്യാഹവും നടന്നു. നാളെ മണ്ണൂരിലെ കാരകളി ജാതവൻകോട്ടയിൽ നിന്നും ഉച്ചയ്ക്ക് 3 മണിയോടെ ഉത്സവമറിയിച്ചുകൊണ്ടുള്ള "ജാതവൻ പുറപ്പാട്" ആരംഭിക്കും. കുടൽ പുരയ്‌ക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാൻ ചന്ദ്രദാസന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഒൻപതിന് തിങ്കളാഴ്ചയാണ് ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം. ഉത്സവ ദിവസം ദേവിയുടെ എഴുന്നള്ളത്ത് ആദ്യമെത്തുന്നത് കുന്നത്ത് തറവാട്ടിലാണ്. നിവേദ്യം സ്വീകരിച്ച് കുന്നത്ത് മണിത്തറയിലിരുന്ന് പടകളി ആസ്വദിച്ച ശേഷം കറുത്തങ്ങാട് ഇല്ലം സന്ദർശിച്ച് പേടിയാട്ട് കാവിലെത്തും. നാടൊട്ടുക്കും ഉത്സവം അറിയിച്ചുകൊണ്ടുള്ള ഊരുചുറ്റലിന് ശേഷം ഒമ്പതിന് പുലർച്ചെ വാക്കടവിൽ എത്തുന്ന ജാതവൻ അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഉച്ചയ്ക്ക് 12ന് എഴുന്നള്ളത്ത് നടക്കും. കുന്നത്ത് തറവാട്, കറുത്തങ്ങാട്ട് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകീട്ട് നാലിന് പേടിയാട്ടുകാവിൽ എത്തും. കാവിൽ നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ വാവുത്സവം സമാപിക്കും. അതോടെ വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്ക് തുടക്കമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |