സുൽത്താൻ ബത്തേരി: ''മൺമറഞ്ഞുപോയ തങ്ങളുടെ പൂർവികരുടെ ആത്മാവ് കുടികൊള്ളുന്നതും, കുലദൈവങ്ങൾ കുടിയിരിക്കുന്നതുമായ പ്രദേശം വിട്ടുപോകുക എന്നത് തങ്ങളുടെ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.'' വനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്ക വിഭാഗത്തിലെ മാരന്റെ വാക്കുകളാണിത്. നൂൽപ്പുഴ പഞ്ചായത്തിലെ പുത്തൂർ വനഗ്രാമത്തിൽ നിന്ന് എല്ലാവരും പുനരധിവാസ പദ്ധതിപ്രകാരം പുറത്തേക്ക് മാറി താമസിച്ചപ്പോഴും ഒറ്റയ്ക്ക് മാറാതെ വനത്തിൽ തന്നെ കഴിയുകയാണ്.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരമാണ് പൂത്തൂരിലെ മറ്റെല്ലാവരും പുറം ലോകത്തേക്ക് മാറിതാമസിച്ചത്. സ്വന്തം ഇഷ്ടപ്രകാരം മാറുകയല്ലാതെ ആരെയും ബലമായി മാറ്റാൻ അനുവാദമില്ല. മാത്രമല്ല വനവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗോത്രവാസികളെ അവരുടെ അനുവാദമില്ലാതെ മാറ്റാനും കഴിയില്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പാരമ്പര്യമാണ് പ്രക്തന ഗോത്രവാസികൾക്ക്. കാടിനെ ദൈവമായും ജീവനായുമാണ് ഇവർ കാണുന്നത്. പുത്തൂരിലെ നൂറേക്കർ വരുന്ന സ്ഥലത്തെ മറ്റ് കുടുംബങ്ങളെല്ലാം പദ്ധതിപ്രകാരം മാറി താമസിച്ചു. എന്നാൽ മാരനും കുടുംബവും തന്റെ പാരമ്പര്യം മുറുകെ പിടിച്ചതോടെ അധികൃതരിൽ നിന്ന് കടുത്ത അവഗണന നേരിടുകയാണ്. നിലവിൽ താമസിച്ചുവരുന്ന വീട് തകർച്ചയെ നേരിട്ടതോടെ പുതിയവീടിനായി അപേക്ഷ നൽകിയെങ്കിലും നിഷേധിക്കപ്പെടുകയാണുണ്ടായത്. സ്വയം സന്നദ്ധ പുനരധിവാസപദ്ധതിയിൽ ഉൾപ്പെട്ട ഗ്രാമമായതിനാലാണ് കുടുംബത്തിന് വീട് നിഷേധിക്കപ്പെട്ടത്.
ഇദ്ദേഹവും മകനും മരുമകളും കൊച്ചുമകളുമാണ് ഇവിടെ താമസിക്കുന്നത്. മേൽക്കൂര ചിതലരിച്ചും ചുമരുകൾ വിണ്ടുകീറിയ നിലയിലുമുള്ള വീട്ടിൽ ഭയപ്പാടോടെയാണ് ഈ കുടുംബം കഴിയുന്നത്. വീട്ടിലേക്ക് എത്തിച്ചേരാൻ നല്ലൊരു വഴിപോലുമില്ല. മകന്റെ മകളെ ഹോസ്റ്റലിൽ നിറുത്തിയാണ് പഠിപ്പിക്കുന്നത്. ഇനി തങ്ങൾ എന്തുചെയ്യുമെന്നാണ് മാരന്റെ ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |