മാനന്തവാടി: പാഠപുസ്തകത്തിനപ്പുറം അറിവിന്റെ പുതിയ ലോകം തുറന്ന് 45ാമത് വയനാട് ജില്ലാ റവന്യൂ ശാസ്ത്രോത്സവത്തിന് വർണാഭമായ തുടക്കം. എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രത്തിന്റെ വിസ്മയങ്ങളും ഗണിതത്തിന്റെ കൗതുകങ്ങളും സാങ്കേതികവിദ്യയുടെ പുതുമകളും സർഗാത്മകതയുടെ വർണക്കാഴ്ചകളും ഒരേ വേദിയിൽ അണിനിരന്നപ്പോൾ അതൊരു മനോഹര വിരുന്നായി മാറി. വയനാട് ജില്ലയിലെ വിവിധ വിദ്യാലങ്ങളിൽ നിന്നായി 1300 ഓളം വിദ്യാത്ഥികളാണ് അഞ്ച് പ്രധാന മത്സര ഇനങ്ങളിൽ മാറ്റുരക്കുന്നത്. പ്രവർത്തി പരിചയ മേള,ഗണിതശാസ്ത്ര മേള, ഐ.ടി മേള,സാമൂഹ്യ ശാസ്ത്ര മേള, ശാസ്ത്ര മേള എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ പ്രവൃത്തിപരിചയ,ഗണിത ശാസ്ത്ര,ഐ.ടി മേളകളാണ് നടന്നത്.രണ്ടാം ദിനമായ ഇന്ന് സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര മേളകളും നടക്കും. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമന്റെ സ്മരണയ്ക്കായി 'ഓർമ്മയിലെ നെല്ലറ' എന്ന പേരിൽ പ്രത്യേക അനുസ്മരണ പരിപാടിയും നടന്നു. നിരവധി പരീക്ഷണങ്ങളും പ്രദർശനങ്ങളും കണ്ടെത്തലുകളും മേളയിൽ പ്രകടമായി.
ശാസ്ത്രോത്സവം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഉഷാ വിജയൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൽമാ മോയിൻ എന്നിവർ സംബന്ധിച്ചു.
ദ്വാരകയും ബത്തേരിയും മുന്നിൽ
ജില്ല ശാസ്ത്രമേളയുടെ ഒന്നാം ദിവസം പൂർത്തിയാകുമ്പോൾ സ്കൂളുകളിൽ 288 പോയന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 262 പോയന്റുമായി നടവയൽ സെന്റ് തോമസ് സ്കൂൾ രണ്ടാം സ്ഥാനത്തും 252 പോയന്റുമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളും മുന്നിട്ടുനിൽക്കുന്നു 1422 പോയന്റോടെ സുൽത്താൻ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്തും 1409 പോയന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 1200 പോയന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
പെൺകുട്ടികൾ കൈയടക്കി ജില്ലാ ശാസ്ത്രമേള
പെൺകുട്ടികൾ കൈയടക്കി ജില്ലാ ശാസ്ത്രമേള. തത്സമയ ന്യുട്ടീഷ്യൻ ഫുഡ് മത്സരം ഹൈസ്ക്കൂൾ , ഹയർ സെക്കൻഡറി വിഭാഗത്തിൽ 12 പെൺകുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളിൽ ആൺകുട്ടികൾ ഉണ്ടാകാറുണ്ടായിരുന്നുവെങ്കിൽ ഇത് പെൺകുട്ടികൾ മാത്രമുള്ള മത്സരമായി മാറുകയായിരുന്നു . വ്യത്യസ്തയുള്ളതും വൈവിദ്ധ്യമാർന്നതും രൂചിയേറിയതുമായ വിഭവങ്ങളാണ് മത്സരാർത്ഥികൾ തയ്യാറാക്കിയത്. പുതിയ കാലത്ത് ഭക്ഷണമേഖലയിൽ നളൻമാർ സർവസാധാരണമാണെങ്കിലും മത്സരത്തിൽ പങ്കെടുക്കാൻ ആരുമുണ്ടായിരുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |