കാളികാവ്: വിദ്യാലയങ്ങളിലെ വമ്പൻ ചെലവു വരുന്ന വിനോദ യാത്രകൾക്ക് ചെലവ് വഹിക്കാനാകാതെ പാവപ്പെട്ട രക്ഷിതാക്കൾ. കൂട്ടുകാർ പോകുമ്പോൾ ഒപ്പം പോവാനാവാത്തതിന്റെ വിഷമം വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയോര മേഖലയിൽ രണ്ടു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിന്റെ കാരണം ഇതാണെന്നാണ് കരുതുന്നത്. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരുമുണ്ട്.വിദ്യാലയങ്ങളിൽ നിന്നുള്ള പഠന, വിനോദയാത്രകൾക്ക് പുനരാലോചന വേണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിലും വിവിധ സംഘടനാ തലത്തിലും ഉയർന്നിട്ടുണ്ട്. നിർധനരായ രക്ഷിതാക്കളുടെ അനുഭവങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും വിവിധ യോഗസ്ഥലങ്ങളിലും പങ്കുവച്ചാണ് ഇത്തരം ചർച്ചകൾ സജീവമാകുന്നത്. അടുത്തിടെയായി പഠനയാത്രകൾ വിനോദയാത്രകളായി മാറിയിട്ടുണ്ട്. വൻ തുകയാണ് യാത്രകൾക്കായി ചെലവുവരുന്നത്. ബാദ്ധ്യതകൾ കുറയുമെന്നതിനാൽ യാത്രകൾ വിവിധ ഏജൻസികളെ ഏൽപ്പിക്കുകയാണ് വിദ്യാലയാധികൃതർ. ജൂൺ മാസം പിന്നിടുന്നതോടെ ഏജൻസികളുടെ പ്രതിനിധികൾ വിദ്യാലയങ്ങൾ സന്ദർശിച്ച് തങ്ങളുടെ പാക്കേജുകൾ പരിചയപ്പെടുത്തും. പലതരത്തിലുള്ള വാഗ്ദാനങ്ങളും നൽകും. മുന്തിയ ബസുകൾ, താമസ സൗകര്യങ്ങൾ, ഭക്ഷണം എന്നിവയെല്ലാം ഉറപ്പ് നൽകും. അദ്ധ്യാപകർ തന്നെ കുട്ടികളെ തിരഞ്ഞെടുത്ത് പണം പിരിക്കും.രണ്ടും മൂന്നും കുട്ടികളുള്ള രക്ഷിതാക്കൾക്ക് ഇത്തരം യാത്രകൾക്ക് തുക കണ്ടെത്താൻ കഴിയുന്നില്ല. ഇത് കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടാൻ പോലും കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |