
മലപ്പുറം: മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം താനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല. മുസ്ലിം സമൂഹത്തിലെ പ്രബല വിഭാഗമായ സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി എന്നാൽ മുസ്ലിം ലീഗിന് അവരോട് ഇപ്പോൾ വല്ലാത്ത പ്രതിപത്തിയാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണിപ്പോൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുടെ അമിത ആഹ്ലാദമാണ് കണ്ടത്. അവരുടെ സ്ഥാനാർഥി ജയിച്ച പോലെയാണ് അവർ രംഗത്ത് വന്നത്. മുസ്ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിം ലീഗ് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും. വർഗീയതയോട് ഒരു വിട്ടുവീഴ്ച്ചയും സി.പി.എം ചെയ്യില്ല. ഇടതു സർക്കാറിനെതിരെ എല്ലാവഴിവിട്ട മാർഗങ്ങളും സ്വീകരിച്ചിരിക്കുകയാണ് യു.ഡി.എഫ്. യു.ഡി. എഫും ബി.ജെ.പിയും യോജിപ്പോടെയാണ് ഇടത് സർക്കാരിനെ എതിർക്കുന്നത്.
അമിത് ഷായ്ക്ക് ഡോ.ബിആർ അംബേദ്‌കോട് പുച്ഛമാണ്. കേന്ദ്ര സർക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കി. കോൺഗ്രസ് തുടങ്ങിവച്ച നയങ്ങളുടെ മൂർദ്ധന്യാവസ്ഥയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഉദാരവത്കരണം കൊണ്ടുവന്നത് തെറ്റായെന്ന് കോൺഗ്രസിന് തോന്നുന്നുണ്ടോ. ബിജെപിക്കും കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നയമാണ് നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാൻ വർഗീയ സംഘർഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘപരിവാർ അക്രമങ്ങളിൽ മുസ്ലിം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർക്ക് പറയാനാവുമോ. കോൺഗ്രസ് നേതാക്കളും അണികളും ബിജെപിക്ക് ഒപ്പം പോകുന്നു. ആ അനുഭവത്തിൽ നിന്നും കോൺഗ്രസ് പഠിക്കുന്നുണ്ടോ. വർഗീയതുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. സംഘപരിവാറിനൊപ്പം ചേർന്ന് പരസ്യ നിലപാട് എടുക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |