കാളികാവ്: മിനുറ്റുകൾക്കുള്ളിൽ മുഴുവൻ സർട്ടിഫിക്കറ്റുകളും ആദിവാസികളുടെ കൈ വെള്ളയിൽ . പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് കാമ്പെയിൻ ഫോർ ഡോക്യുമെന്റ്)പദ്ധതിയുടെ ഭാഗമായി ചോക്കാട് പഞ്ചായത്തിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി ഇരുനൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. ചോക്കാട് ഗവ. യു.പി സ്‌കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
എല്ലാ വകുപ്പുകളുടെയും സ്‌പെഷ്യൽ ഓഫീസുകൾ ക്യാമ്പിൽ സജ്ജമാക്കിയിട്ടുണ്ട്.
സാമ്പത്തികച്ചെലവ് വരുന്ന മുഴുവൻ അപേക്ഷകളും സൗജന്യമായി മിനിറ്റുകൾക്കുള്ളിൽ ക്യാമ്പിൽവച്ച് ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ഗുണം. ഒരാൾക്ക് വേണ്ട അടിസ്ഥാന രേഖകളായ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്,പാൻ കാർഡ് തുടങ്ങി റവന്യു അടക്കമുള്ള മുഴുവൻ സർട്ടിഫിക്കറ്റുകളും ഉടൻ തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ് ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
രേഖകൾ ലഭിക്കാത്തത് മൂലവും ഉള്ളവ നഷ്ടപ്പെടലും കാരണം പട്ടിക വർഗ്ഗ വിഭാഗങ്ങളുലുള്ളവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നുണ്ട്. നാട്ടിലെത്തി സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ ഇവർ തയ്യാറാകുന്നുമില്ല. ഇതാണ് പലർക്കും ഒരു രേഖയും ഇല്ലാതിരിക്കാൻ കാരണം. സർക്കാർ ഓഫീസുകളിൽ രണ്ടോ മൂന്നോ പ്രാവശ്യം പോയാലും കാര്യം നടക്കാതിരിക്കുന്ന അവസ്ഥയും ഇവരെ പിന്തിരിപ്പിക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള
ചോക്കാട് പഞ്ചായത്തിൽ സംഘടിപ്പിച്ച ക്യാമ്പ് വൻ വിജയമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകലാ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറക്കൽ സക്കീർ, വാർഡ് മെമ്പർമാരായ സി.എച്ച്. ഷൗക്കത്ത്, ഷാഹിന ബാനു, എം . അൻവർ, കെ.ടി സലീന, തിരുത്തുമ്മൽ രാമൻ തുടങ്ങിയ പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.
ക്യാമ്പുകളുടെ ലക്ഷ്യം
1.ആദിവാസികളടക്കമുള്ള വിഭാഗത്തിന്റെ അടിസ്ഥാന രേഖകൾ പുതുക്കുക.
2.രേഖകൾ തിരുത്തുക
3.നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുക.
4.പുതിയ രേഖകൾ അനുവദിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |