
മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കന്നിയങ്കത്തിൽ എ ഗ്രേഡ് നേട്ടം കൈവരിച്ച ആഹ്ലാദത്തിലാണ് എടപ്പാൾ മോഡേൺ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.ഋതുനന്ദ. ഭർത്താവ് മരിച്ച് നാടുവാഴികളാൽ ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ കഥ പറയുന്ന ജിതേഷ് കക്കടിപ്പുറം രചിച്ച ചിരുത എന്ന നാടൻപാട്ട് പ്രമേയമാക്കി വേദിയിൽ നിറഞ്ഞാടിയാണ് ഹൈസ്ക്കൂൾ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ ഈ മിടുക്കി എ ഗ്രേഡ് നേടിയത്. ആലങ്കോട് സ്വദേശിനിയാണ്. ഇത്തവണത്തെ ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ രണ്ടാം സ്ഥാനവും കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനവും സംഘനൃത്തത്തിൽ എ ഗ്രേഡും നേടിയിരുന്നു. സുമേഷ് വട്ടംകുളമാണ് പരിശീലകൻ. മൂന്നാം വയസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ പോയി പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യണമെന്നാണ് ഋതുനന്ദയുടെ വലിയ സ്വപ്നം. മാതാപിതാക്കളും പൂർണ പിന്തുണയുമായി കൂടെയുണ്ട്. കഴിഞ്ഞ വർഷം യു.പി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയിരുന്നു. പഠനത്തിലും മിടുക്കിയാണ്. ഇതേ സ്കൂളിലെ അദ്ധ്യാപികയായ ധന്യയുടെയും പ്രവാസിയായ മണികണ്ഠന്റെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |