
മലപ്പുറം: വീട്ടിൽ ആറു പേർ. അതിൽ മൂന്നു പേരും ഗിന്നസ് റെക്കാഡുകാർ. അങ്ങനെ ഗിന്നസ് ഫാമിലിയാകാനുള്ള ലക്ഷ്യത്തിലാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശി അബ്ദുൽ സലീം പടവണ്ണയും കുടുംബവും. 17.82 സെക്കൻഡിൽ കൈകളുപയോഗിക്കാതെ വാഴപ്പഴം കഴിച്ചാണ് അബ്ദുൽ സലീം 2023 മാർച്ചിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഇത് മറ്റൊരാൾ മറികടന്നു. തുടർന്ന് 2024 ജൂലായിൽ 8.5 സെക്കൻഡോടെ വീണ്ടും റെക്കാഡ് തിരിച്ചുപിടിച്ചു. 34.17 സെക്കൻഡിൽ 2.50 ലിറ്റർ വെള്ളം ബേബി ഫീഡിംഗ് ബോട്ടിലിലൂടെ കുടിച്ചും, 30 സെക്കൻഡിൽ 151 തവണ ഹുലാ ഹൂപ്പ് കറക്കിയുമുള്ള ഗിന്നസ് റെക്കാഡുകൾ 2023ൽ അബ്ദുൽ സലീം സ്വന്തമാക്കി.
മകളും മഞ്ചേരി ബ്ലോസം പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ഐഷ സുൽത്താന 20 പുസ്തകം ഷഫിൾ ചെയ്ത് അക്ഷരമാലാ ക്രമത്തിൽ 16.50 സെക്കൻഡ് കൊണ്ട് ക്രമപ്പെടുത്തിയാണ് കഴിഞ്ഞ നവംബർ 23ന് ഗിന്നസ് റെക്കാഡ് നേടിയത്. കൈമുട്ടും കാൽമുട്ടുമുപയോഗിച്ച് 16.50 സെക്കൻഡ് കൊണ്ട് 54 ചുവടുകൾ പൂർത്തിയാക്കിയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജുവൈരിയ മാർച്ച് 24ന് ഗിന്നസിൽ ഇടം പിടിച്ചത്.
ഫലം കാത്ത് ഒരാൾ, രണ്ടു
പേർ പരിശീലനത്തിൽ
ഗിന്നസ് റെക്കാഡിനുള്ള പ്രകടനം നടത്തി ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മകളും ബംഗളൂരു വൈദേഹി മെഡിക്കൽ കോളേജിലെ ബി.എസ്.സി ഡയാലിസിസ് ടെക്നോളജി വിദ്യാർത്ഥിയുമായ പി. ഷഫാന. 20 ഡയാമീറ്ററിൽ ബലൂൺ വീർപ്പിച്ച് ശരീരത്തിന്റെ പിൻഭാഗമുപയോഗിച്ച് രണ്ട് സെക്കൻഡിനകം പൊട്ടിച്ചാണ് നിലവിലെ ഗിന്നസ് റെക്കാഡ് ഷഫാന മറികടന്നത്. ഗിന്നസിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് ഭാര്യ എം.സി. റഷീദയും ഇവന്റ് മാനേജ്മെന്റ് ജോലി ചെയ്യുന്ന മകൻ മുഹമ്മദ് ഷഫീനും. 25 തക്കാളികളിൽ ഓരോന്നും ഒരുമിനിറ്റിനുള്ളിൽ ഒരുപോലുള്ള എട്ട് വീതം കഷണങ്ങളാക്കാനുള്ള ശ്രമത്തിലാണ് റഷീദ. 60 ഗ്രാം കപ്പ് കേക്ക് 10 സെക്കൻഡിനുള്ളിൽ കഴിച്ച് ഗിന്നസിൽ ഇടം നേടാനാണ് മുഹമ്മദ് ഷഫീന്റെ ശ്രമം. മെഡിക്കൽ സ്റ്റോർ ജീവനക്കാരനാണ് അബ്ദുൽ സലീം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |