SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന് ചീക്കോടിൽ സ്ഥലം അനുവദിച്ചേക്കും

mmmm

മലപ്പുറം: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ ചീക്കോടിൽ റവന്യൂ വകുപ്പിന്റെ ഒരേക്കർ ഭൂമി അനുവദിച്ചേക്കും. ഈ ഭൂമി അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലേക്കുള്ള വഴി കേസിൽപ്പെട്ട് കിടക്കുകയാണ്. പരാതി നൽകിയ ആളെ ജില്ലാ കളക്ടർ നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ആസൂത്രണ സമിതിയിൽ ധാരണയായി. സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങാത്ത ഏക ജില്ലയാണ് മലപ്പുറം. നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു നഗരസഭ പരിധിയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ 2022 ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളോട് സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതോടെ ആണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന റവന്യൂ ഭൂമി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

മ‍ഞ്ചേരി നഗരസഭ,​ തിരൂർ താലൂക്കിലെ നടുവട്ടം എന്നിവിടങ്ങളിലെ റവന്യൂ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് റവന്യൂ വകുപ്പിന് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. മങ്കട കടന്നമണ്ണയിൽ മൃഗാശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും ജനവാസ മേഖല ആയതിനാൽ ശ്രമം ഉപേക്ഷിച്ചു. ജില്ലയിൽ തെരുവുനായ ആക്രമണം വർദ്ധിച്ചതോടെയാണ് വീണ്ടും വന്ധ്യംകരണ കേന്ദ്രത്തിനായുള്ള നീക്കം സജീവമാക്കിയത്. ചീക്കോടിലെ ഭൂമി വിട്ടുനൽകുന്നതിൽ റവന്യൂ വകുപ്പിന് എതിർപ്പില്ലെന്നാണ് അറിയുന്നത്. പദ്ധതിക്കായി ഒരു കോടി ജില്ലാ പഞ്ചായത്ത് നീക്കിവച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ പ്രയോജനപ്പെടുത്താനായിട്ടില്ല.

കടിയേൽക്കുന്നതിന് കുറവില്ല

തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 18,350 തെരുവുനായകളുണ്ട്. 2016ൽ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്. വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുബശ്രീയെ വിലക്കി. ജില്ലയിൽ ഒരുമാസം ശരാശരി 150നും 200നും ഇടയിൽ പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തുന്നുണ്ട്.

പഞ്ചായത്തുകളുടെ കൈവശം അനുയോജ്യമായ ഭൂമിയില്ല. ചീക്കോട്ടെ റവന്യൂ ഭൂമിയിൽ നിന്ന് ഒരേക്കർ ലഭിച്ചാൽ വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാനാവും.

എം.കെ.റഫീഖ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL