
പൊന്നാനി : ചമ്രവട്ടം പാലത്തിന്റെ നരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിന്റെ നവീകരണം വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. നിലവിൽ പകലും രാത്രിയിലുമായി നടക്കുന്ന റോഡിന്റെ നവീകരണം രാത്രി മാത്രമാക്കിയാൽ പകൽ സമയത്തെ വലിയ കുരുക്ക് ഒഴിവാകുകയും യാത്രക്കാർക്ക് ആശ്വാസമാകുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ചമ്രവട്ടം പാലത്തിന്റെ ഇരുവശത്തെയും അപ്രോച്ച് റോഡുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നരിപ്പറമ്പ് ഭാഗത്ത് നിലവിലെ പൊളിഞ്ഞ റോഡിൽ കട്ടവിരിച്ചാണ് നവീകരണപ്രവൃത്തികൾ പുരോഗമിക്കുന്നത്. നിത്യേന ഒട്ടനവധി യാത്രക്കാർ കടന്നുപോകുന്ന ചമ്രവട്ടം പാലം വഴി കോഴിക്കോട്, എറണാകുളം ഭാഗത്തേയ്ക്കുള്ള കെ. എസ്. ആർ. ടി. സി ബസുകളും സർവീസ് നടത്തുന്നുണ്ട്. നിലവിൽ എടപ്പാൾ, കുറ്റിപ്പുറം, വളാഞ്ചേരി ഭാഗത്ത് ദേശീയപാതയുടെ നവീകരണം മൂലം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതിനാൽ കോഴിക്കോട്, എറണാകുളം ഭാഗത്തേയ്ക്ക് യാത്ര ചെയ്യാൻ ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് ചമ്രവട്ടം പാലം വഴിയാണ്. അറ്റക്കുറ്റപ്പണി മൂലം മണിക്കൂറുകൾ പൊതുജനങ്ങൾ പാലത്തിന്റെ ഇരുവശത്തും കാത്തുകിടക്കുകയാണ്. ആംബുലൻസുകൾ പോലും ഗതാഗത കുരുക്കിൽ പെട്ട് ഏറെ നേരം കിടക്കുന്നുണ്ട്. ഈ ഭാഗങ്ങളിലെ തെരുവ് കച്ചവടങ്ങളും ഗതാഗതക്കുരുക്ക് സങ്കീർണമാക്കുന്നുണ്ട്. ഇത്തരം കച്ചവടസ്ഥലങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ വാഹനങ്ങൾ നിറുത്തുന്നതും കുരുക്ക് വർദ്ധിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |