കാളികാവ്: ചോക്കാട് പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്ത് ഉദ്യോഗസ്ഥരും രണ്ടു വഴിക്ക്. ചോക്കാട് പഞ്ചായത്ത് ഭരണം അവതാളത്തിൽ. നടപ്പു വർഷം രണ്ടുമാസം മാത്രം ബാക്കി നിൽക്കെ പദ്ധതികളിൽ പത്ത് ശതമാനം പോലും പൂർത്തിയായില്ലെന്ന് ആരോപണം. തമ്മിൽ പോരുമൂലം വ്യക്തിഗത ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും ഫയലിൽ കുരുങ്ങി മുടങ്ങുമെന്ന് ആശങ്ക. ചോക്കാട് പഞ്ചായത്തിൽ രണ്ടു വർഷത്തോളമായി ഭരണ രംഗത്ത് അനിശ്ചിതാവസ്ഥയും പിടിപ്പു കേടും തുടരുന്നതായാണ് ആക്ഷേപം. വ്യക്തിഗത ആനുകൂല്യങ്ങൾ, കുടിവെള്ള പ്രശ്നം തുടങ്ങിയുള്ളവയുടെ മുടക്കം കാരണം പൊതുജനങ്ങൾ പഞ്ചായത്തിലേക്ക് തള്ളിക്കയറലും ഉപരോധിക്കലും നിത്യസംഭവമാണ്.പഞ്ചായത്തിലെ ഭരണ സമിതിയുടെ പിടിപ്പുകേടും നാഥനില്ലായ്മയുമാണ് സകല പ്രശ്നങ്ങൾക്കും കാരണമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കളെ വട്ടം കറക്കുന്നതിന്റെ പേരിൽ ഒരു മാസത്തിൽ രണ്ടുപ്രാവശ്യമാണ് ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിൽ കയറി ബഹളം വച്ചത്. നേരത്തെ പുറത്തായ ലൈഫ് ഗുണ ഭോക്താക്കളെ വീണ്ടും ഉൾപ്പെടുത്തി ഫണ്ട് നൽകാൻ ബോഡ് യോഗം തീരുമാനിച്ചതായിരുന്നു. എന്നാൽ ഇത് നടപ്പാക്കാനും യഥാസമയം നിർവ്വഹണ പ്രക്രിയ പൂർത്തീകരി ഫണ്ട് നൽകാനും ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.പി സിറാജുദ്ദീൻ പറഞ്ഞു. 2020-21 ലൈഫ് ലിസ്റ്റിനെതിരെ മുൻഗണനാ ക്രമം അട്ടിമറിച്ചെന്ന പരാതി ഉയരുകയും സി.പി.ഐ പ്രവർത്തകന്റെ പരാതിയിൽ വിജിലൻസ് അന്വേഷിക്കുകയും ചെയ്തങ്കിലും അഴിമതി കണ്ടെത്തിയിരുന്നില്ല.എന്നാൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടോ മേലധികാരികളിൽ നിന്നുള്ള അറിയിപ്പോ ലഭിച്ചിട്ടില്ല എന്ന സാങ്കേതികത്വം ആരോപിച്ചാണ് ഉദ്യോഗസ്ഥർ ഫണ്ട് നൽകാൻ വിസമ്മതിക്കുന്നത്. പഞ്ചായത്തിലെ നിലവിലെ സ്ഥിതി മോശമായ അവസ്ഥയിൽ തുടരുന്നതിനാൽ നടപ്പു വർഷത്തെ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമോ എന്ന് ആശങ്കയാണ് ഇപ്പോൾ നില നിൽക്കുന്നത്. പഞ്ചായത്ത് ബോർഡിന്റെ വാഗ്ദാനം വിശ്വസിച്ച് വാസയോഗ്യമല്ലാത്ത ഉള്ള വീടും പൊളിച്ച് രണ്ടു വർഷത്തോളമായി പത്തോളം കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |