SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

കാലാവസ്ഥയും കൊവിഡും വില്ലൻ: ചുമച്ച് ജില്ല

മലപ്പുറം: മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ കടുത്ത ചുമ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധന. ഫെബ്രുവരിയിൽ കേസുകൾ കൂടും. സാധാരണഗതിയിൽ പനിക്കും ജലദോഷത്തിനും പിന്നാലെയാണ് ചുമ തുടങ്ങാറെങ്കിൽ ഇപ്പോൾ ചുമയ്ക്ക് മാത്രമായി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിരാവിലെ തണുപ്പും തൊട്ടുപിന്നാലെ വരുന്ന കടുത്ത ചൂടും പൊടിപടലങ്ങളാൽ അന്തരീക്ഷം മലീനീകരിക്കപ്പെട്ടതും ചുമ കേസുകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കൊവിഡിന്റെ ആഘാതവും ചുമ വർദ്ധിക്കാൻ കാരണമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ചൂണ്ടിക്കാട്ടുന്നു.

ചുമയും കഫക്കെട്ടും കിതപ്പും രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. കടുത്ത ചുമ കാരണം നെഞ്ചിൻകൂട് വേദന അനുഭവപ്പെടുന്നവരുമുണ്ട്. സ്ത്രീകളിൽ അറിയാതെ മൂത്രം പോവുന്ന അവസ്ഥയുമുണ്ട്. മിക്കവർക്കും കിടത്തിചികിത്സ ആവശ്യം വരുന്നില്ല. ആദ്യ അഞ്ച് ദിവസത്തേക്ക് ആന്റി ബയോട്ടിനും കഫ് സിറപ്പും അനുബന്ധ മരുന്നുകളും നിർദ്ദേശിക്കുന്ന ഡോക്ടർമാർ തുടർന്നും ചുമ നിലനിൽക്കുകയാണെങ്കിൽ ബ്ലഡ് ടെസ്റ്റുകൾക്ക് നിർദ്ദേശിക്കുന്നുണ്ട്. ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം തടയുക എന്ന ലക്ഷ്യം മഞ്ചേരി മഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലുള്ള സർക്കാർ ആശുപത്രികളിൽ കൃത്യമായി നടപ്പിലാക്കുന്നുണ്ട്.

ചുമയെ നിസാരമാക്കല്ലേ

മൂന്നാഴ്ചയിലേറെ ചുമ തുടർന്നാൽ ലംഗ് ഫംഗ്ഷൻ ടെസ്റ്റിന് നിർദ്ദേശിക്കുന്നുണ്ട്. ശ്വാസകോശത്തിൽ തടസമോ ചുരുക്കമോ സംഭവിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടിയാണിത്.

ന്യൂമോണിയ, ക്ഷയം എന്നിവയ്ക്കുള്ള സാദ്ധ്യതയും ഉള്ളതിനാൽ ഇതു സംബന്ധിച്ച പരിശോധനകളും നടത്തുന്നുണ്ട്. ആസ്മ, അലർജ്ജി, ന്യൂമോണിയ ഭേദമായവവർ, ഹൃദ്‌രോഗം, വൃക്കരോഗം എന്നിവ ഉള്ളവർക്ക് ചുമ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

പനി കുറഞ്ഞു

കഴി‍ഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പനി കേസുകൾ കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 9,​411 പേരാണ് ചികിത്സ തേടിയത്. ദിനംപ്രതി ശരാശരി 1,​300 പേർ. ദിവസം 2,​000ത്തോളം കേസുകൾ വരെ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ചുമ കേസുകൾ കാര്യമായി വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ കാരണങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റവും കൊവിഡും ചുമ വർദ്ധിക്കാൻ കാരണമാണ്.

ഡോ. ആർ. രേണുക, ജില്ലാ മെ‌ഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL