മലപ്പുറം: ജില്ലയിൽ കളിമണ്ണിന്റെ ലഭ്യതക്കുറവും ആവശ്യക്കാർ കുറഞ്ഞതും പരമ്പരാഗത തൊഴിൽ മേഖലയായ മൺപാത്ര നിർമ്മാണ വ്യവസായത്തെ പിന്നോട്ടടിക്കുന്നു. നിലവിൽ ജില്ലയിൽ 60 മൺപാത്ര നിർമ്മാണ യൂണിറ്റുകളുണ്ടെങ്കിലും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ഇഷ്ടിക നിർമ്മാണത്തിന് ഖനനം നടത്തിയിരുന്ന പാടങ്ങളിൽ നിന്ന് ലഭിക്കുന്ന കളിമണ്ണിനെയായിരുന്നു മൺപാത്ര നിർമ്മാണത്തിനായി നേരത്തെ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇതിന് ചെലവും കുറവായിരുന്നു. ഇഷ്ടിക നിർമ്മാണം നിലച്ചതോടെ ഇവ കിട്ടാക്കനിയായി. പാടങ്ങളിൽ നിന്ന് 12 അടി താഴ്ചയിൽ മേൽമണ്ണ് നീക്കം ചെയ്താണ് കളിമണ്ണ് ശേഖരിക്കുന്നത്. കളിമണ്ണിനായി എടുക്കുന്ന കുഴി പുറമേ നിന്ന് മണ്ണ് കൊണ്ടുവന്ന് മൂടണം. ഇതിന് ചെലവേറും.
നിലവിൽ, പ്രധാനമായും ബംഗളൂരു, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് കളിമണ്ണെത്തിക്കുന്നത്. രണ്ടര ടൺ കളിമണ്ണിന് 40,000 രൂപയോളമാണ് വില. ഇതിലുള്ള കല്ലും പുല്ലും മറ്റ് അവശിഷ്ടങ്ങളുമെല്ലാം വേർതിരിച്ചെടുത്താൽ പലപ്പോഴും മൂന്നിലൊരു ഭാഗമേ ഉപയോഗിക്കാനാവൂ. മണ്ണിന് ഗുണമേന്മയില്ലെങ്കിൽ പാത്രം പൊട്ടിപ്പോവാം.
ഒരു മൺപാത്രത്തിന് ഏകദേശം 60 മുതൽ 70 രൂപയാണ് ലഭിക്കുന്നത്. ഉയർന്ന വിലയുള്ള മൺപാത്രങ്ങൾ നിർമ്മിച്ചാലും വാങ്ങാനാളില്ല.
നിർമ്മാണത്തിന് അഞ്ച് ദിനം
മൺപാത്രങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾക്ക് ഗുണം വർദ്ധിക്കും. മൺപൂച്ചട്ടികൾക്ക് പകരം പ്ലാസ്റ്റിക്ക് പൂച്ചട്ടികളാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. മൺപാത്ര നിർമ്മാണ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം.
ടി.യു.രാജു, കുംഭാര സമുദായ സംസ്ഥാന ജനറൽ സെക്രട്ടറി
ജില്ലയിലെ മൺപാത്ര നിർമ്മാണ യൂണിറ്റുകൾ
വഴിക്കടവ്, ഭൂദാനം, മൂത്തേടം, പൂക്കോട്ടുംപാടം, ചുങ്കത്തറ, മമ്പാട്, അരുവാക്കോട്, വണ്ടൂർ, എടവണ്ണ, വെറ്റിലപ്പാറ, ഒതായി, അരീക്കോട്, പത്തപ്പിരിയം, പാണായി, വാവൂർ, വാഴക്കാട്, ചളിപ്പാടം, കാരാട്, കൊട്ടപ്പുറം, പള്ളിക്കൽ, എയർപോർട്ട്, കൂട്ടാലുങ്കൽ, മൊറയൂർ, വള്ളുവമ്പ്രം, ചേളാരി, പെരിന്തൽമണ്ണ, ഏലംകുളം, തൂത, ആലിപ്പറമ്പ്, പാലൂർ, കൂട്ടിലങ്ങാടി, കോട്ടക്കൽ, മറ്റത്തൂർ, വേങ്ങര, പരപ്പനങ്ങാടി, കൊളപ്പുറം, തെയ്യാല, അയ്യായ, വൈലത്തൂർ, തിരൂരങ്ങാടി, ചമ്രവട്ടം, രാങ്ങാട്ടൂർ, പൊന്നാനി, കാരത്തൂർ, ആതവനാട്, ചെല്ലൂർ, വട്ടംകുളം, മങ്കേരി, പുറമണ്ണൂർ, ഏലംകുളം, ബീരാഞ്ചിറ, മേലാറ്റൂർ,കൂരാട്, എളങ്കൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |