
നിലമ്പൂർ: നിലമ്പൂരിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം.പപ്പായ തോട്ടത്തിൽ നാശം വിതച്ച് ഒറ്റയാന്റെ പരാക്രമം. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എച്ച് ബ്ലോക്കിലെ റോബിൻ മോനിപ്പിള്ളിയുടെ പപ്പായ തോട്ടത്തിലാണ് കൃഷിനാശം വിതച്ചത്. 100 ലേറെ കായ്ഫലമുള്ള പപ്പായ മരങ്ങൾ കുത്തിമറിച്ചിട്ടു. പന്തീരായിരം വനമേഖലയിൽ നിന്നു എത്തിയ ഒറ്റയാൻ വനം വകുപ്പിന്റെ വൈദ്യുതി വേലി തകർത്ത ശേഷം പപ്പായ കൃഷിക്കായി സ്ഥാപിച്ച വൈദ്യുത വേലിയും തകർത്താണ് പപ്പായ തോട്ടത്തിൽ കയറിയത്. ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും തകർത്തു. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കാട്ടാന വ്യാപകമായി പപ്പായ മരങ്ങൾ കുത്തി വീഴ്ത്തി നശിപ്പിച്ചത്. ഓരോ പപ്പായ മരങ്ങൾക്ക് ചുവട്ടിലും നിറയെ പപ്പായകളാണ് വീണ് കിടക്കുന്നത്. പൈപ്പും വൈദ്യുതി വേലിയും തകർത്തതോടെ ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തോട്ടത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന അബു പറയുന്നത്. അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. വനംവകുപ്പ് സ്ഥാപിച്ച വനാതിർത്തിയിലെ സോളാർ വൈദ്യുതവേലി പ്രവർത്തനരഹിതമായി കിടക്കുന്നതാണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്താൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |