മലപ്പുറം: പാമ്പുകളുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന പഴയ ടെക്സ്റ്റ് ബുക്ക് ഡിപ്പോ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല. 2003ലാണ് ഡിപ്പോ അടച്ച് പൂട്ടിയത്. ഇതിനരികെ സ്ഥിതി ചെയ്യുന്ന
ഗവ.ബോയ്സ് എച്ച്.എസ്.എസ്, മലപ്പുറം ജി.എൽ.പി സ്‌കൂൾ, ഡി.ഡി.ഇ ഓഫീസ്, സ്‌കൗട്ട് ഭവൻ എന്നിവിടങ്ങിലുള്ളവർക്ക് ഭയത്തോടെയല്ലാതെ ഇതിലൂടെ പോകാൻ സാധിക്കില്ല. നേരത്തെ ബോയ്സ് സ്‌കൂളിന്റെ കോമ്പൗണ്ടിനകത്ത് മൂർഖൻ പാമ്പിനെയും മലമ്പാമ്പിനെയും കണ്ടെത്തിയിരുന്നു. കൂടാതെ, രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണിവിടം. പലപ്പോഴും ഇവിടെനിന്നും മദ്യക്കുപ്പികൾ കണ്ടെടുക്കാറുണ്ട്.
ക്രമക്കേടിനെ തുടർന്ന് 2003ലാണ് ബുക്ക് ഡിപ്പോ അടച്ച് പൂട്ടിയത്. സ്‌കൂളുകളിലേക്ക് അനുവദിച്ച കണക്ക് പ്രകാരമുള്ള ടെക്സ്റ്റ് ബുക്കുകൾ ഡിപ്പോയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2003ൽ ഡിപ്പോയുടെ ചുമതല നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെതിരെ ജീവനക്കാരൻ അപ്പീൽ സമർപ്പിച്ചതോടെ കേസ് തീർപ്പാകാതെ കിടക്കുകയാണ്.
2016ലാണ് ഡിപ്പോ കെട്ടിടം തകർന്നത്. ഇവിടെയുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം ചിതലരിച്ച് നശിച്ചിട്ടുണ്ട്. നിലവിൽ സ്ഥലം കാടുമൂടിയ സ്ഥിതിയാണ്. സ്‌കൂളിലെ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട്‌ബോയ്സ് സ്‌കൂൾ അധികൃതർ ഡി.ഡി.ഇക്ക് പരാതി നൽകിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ നടപടി എടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു. ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ മേൽക്കൂരയും വാതിലും ജനലുമെല്ലാം പാതി കർന്ന സ്ഥിതിയാണ്. കെട്ടിടത്തിന്റെ പിറകുവശം കാട് പിടിച്ചിട്ടുണ്ട്.
ടെക്സ്റ്റ് ബുക്ക് ഡപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഭിന്നശേഷിക്കാർക്കായുള്ള തെറാപ്പി സെന്റർ നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി മുഖേന സർക്കാരിലേക്ക് സ്‌കൂൾ അധികൃതർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാനമാണ്. പലപ്പോഴും സ്‌കൂളിനകത്ത് നിന്ന് പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളെ പിടികൂടിയിട്ടുണ്ട്. രക്ഷിതാക്കളും ഇതിനെതിരെ പരാതി ഉന്നയിക്കാറുണ്ട്. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ് നടപടി എടുക്കുന്നതിനെക്കാൾ നേരത്തെ പരിഹാരം കാണുകയാണ് വേണ്ടത്.
സ്‌കൂൾ അധികൃതർ, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |