SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

രൂക്ഷമായ ഗതാഗത കുരുക്കിലമർന്ന് കോട്ടക്കൽ

s

കോട്ടക്കൽ: ഗതാഗതകുരുക്കിൽ ശ്വാസം മുട്ടി കോട്ടയ്ക്കൽ ടൗൺ. ചങ്കു വെട്ടി മുതൽ കോട്ടക്കൽ താഴെഅങ്ങാടിയും കടന്ന് പുത്തൂർ പാലം വരെ നീളാറുണ്ട് പലപ്പോഴും വാഹനങ്ങളുടെ നിര.

മെയിൻ റോഡിൽ നിന്നും പറപ്പൂർ വേങ്ങര റോഡിലേക്കും അവിടെ നിന്നും തിരിച്ചും വാഹനങ്ങൾ പ്രവേശിക്കുമ്പോൾ പ്രധാന റോഡിൽ ഇരുവശത്തും വാഹന ഗതാഗതം സ്തംഭിക്കുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.

രാവിലെ ഒമ്പതുമുതൽ രാത്രിയോളം നീളുന്നതാണ് ഗതാഗതക്കുരുക്ക്. ഒഴിവു ദിവസങ്ങളിൽ വൈകിട്ട് മുതൽ രാത്രിവരെയും തിരക്കനുഭവപ്പെടും.

സ്ഥാപനങ്ങളിലേക്കും മറ്റും വരുന്ന വാഹനങ്ങളുടെ തെറ്റായ പാർക്കിംഗും കുരുക്ക് കൂട്ടുന്നു.

ആര്യവൈദ്യശാല ജംഗ്ഷനിൽ താഴെ കോട്ടക്കലിൽ മാത്രമാണ് ഹോം ഗാർഡിന്റെ സേവനമുള്ളത്. വേങ്ങര പറപ്പൂർ റോഡ് ജംഗ്‌ഷനിലും ബസ് സ്റ്റാൻഡിന് മുന്നിലും ഹോം ഗാർഡുമാരുടെയോ ട്രാഫിക് പൊലീസിന്റെയോ സേവനം അനിവാര്യമാണ്. ഇടുങ്ങിയ ബി.എച്ച് റോഡിലും ഗതാഗത പരിഷ്‌ക്കാരം വേണമെന്ന ആവശ്യം ശക്തമാണ്. . ബി.എച്ച് റോഡിലൂടെ ഇരുചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നും അല്ലെങ്കിൽ വൺവേ സമ്പ്രദായമാക്കണമെന്നുമാണ് ആവശ്യം.

ബൈപാസുകൾ കാര്യക്ഷമമാക്കണം
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ ആരംഭിച്ച പുത്തുർ ബൈപ്പാസ് പൂർണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല. വളാഞ്ചേരി, രണ്ടത്താണി, കുറ്റിപ്പുറം ഭാഗങ്ങളിൽ നിന്ന് മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും ടൗൺ തൊടാതെയുള്ള യാത്രയ്ക്ക് ഇത് ബുദ്ധമുട്ട് സൃഷ്ടിക്കുന്നുണ്ട്. തിരൂർ, പറമ്പിലങ്ങാടി ഭാഗത്ത് നിന്ന് ടൗൺ വഴിയല്ലാതെ വരുന്നവർക്ക് രാജാസ് എച്ച്.എസ്.എസ് , കോട്ടപ്പടി റോഡ് ഉപയോഗിച്ച് ബൈപ്പാസിലെത്തി മലപ്പുറത്തേക്ക് യാത്ര തുടരാം. പക്ഷേ, കോട്ടപ്പടി ഭാഗത്തും പൂഴിത്തറ ഭാഗത്തുമുള്ള റോഡിന്റെ വീതിക്കുറവ് സൃഷ്ടിക്കുന്ന കുരുക്ക് യാത്രക്കാരെ അകറ്റുന്നു. കോട്ടപ്പടി, പൂഴിത്തറ ഭാഗത്തെ ഗംഗ ഓഡിറ്റോറിയത്തിന് സമീപം സ്ഥലമേറ്റെടുത്ത് റോഡ് വീതി കൂട്ടിയാൽ ടൗണിലൂടെ കടക്കാതെ ചിനക്കൽ വഴി വളാഞ്ചേരിയിലേക്കും രാജാസ് റോഡ് വഴി ഹൈവേയിലേക്കും, പറമ്പിലങ്ങാടി, അമ്പലവട്ടം വഴി തിരൂർ ഭാഗത്തേക്കും യാത്ര ചെയ്യാനാവും. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പൊലീസും നഗരസഭാ അധികൃതരും പൊതു പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL