
മലപ്പുറം: വിദ്യാർത്ഥികളില്ലാതെ ജില്ലയിലെ എട്ട് യു.പി സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. മൂന്ന് സർക്കാർ സ്‌കൂളുകളും അഞ്ച് എയ്ഡഡ് സ്‌കൂളുകളിലുമായി ആകെ 142 വിദ്യാർത്ഥികളാണ് ഉള്ളത്. എ.എൽ.പി.എസ് അഴിഞ്ഞിലം, ജി.എൽ.പി.എസ് മൂലപ്പാടം, ജി.എൽ.പി.എസ് നെടുങ്കയം, എ.എം.എൽ.പി.എസ് പാലൂർ, ജി.എം.എൽ.പി.എസ് വളവന്നൂർ, ജി.എൽ.പി.എസ് ചോക്കാട്, ഡി.എസ്.എൽ.പി.എസ് കുറ്റൂർ, എം.എ.എം.എ.ഇ.എ.എം.എൽ.പി.എസ് തച്ചുണ്ണി എന്നീ സ്‌കൂളുകളിലാണ് വിദ്യാർത്ഥികളുടെ വലിയ കുറവുള്ളത്.
വിദ്യാർത്ഥികൾ കുറവുള്ള രണ്ട് സർക്കാർ സ്‌കൂളുകൾ ട്രൈബൽ വിഭാഗത്തിലുള്ളവർ പഠിക്കുന്നവയാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ ഉള്ളത് ട്രൈബൽ സ്‌കൂളായ ജി.എൽ.പി.എസ് നെടുങ്കയത്താണ്, ഏഴ് പേർ. നിലമ്പൂരിലെ ജി.എൽ.പി.എസ് മൂലപ്പാടം, ടി.കെ.കോളനിയിലെ ട്രൈബൽ സ്‌കൂളായ ജി.എൽ.പി.എസ് ചോക്കാട് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം യഥാക്രമം എട്ട്, 17 എന്നിങ്ങനെയാണ്.
ജില്ലയിലെ 1,523 സ്കൂളുകളിലായി ഏഴ് ലക്ഷത്തോളം വിദ്യാത്ഥികളാണ് പഠിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള ഫോക്കസ് സ്‌കൂൾ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ കുറവുള്ള സ്‌കൂളുകളെ നിശ്ചിത നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. ഇതിനായി ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കും.
സർക്കാർ സ്‌കൂളുകൾ -വിദ്യാർത്ഥികളുടെ എണ്ണം
ജി.എൽ.പി.എസ് നെടുങ്കയം - 7
ജി.എൽ.പി.എസ് മൂലപ്പാടം - 8
ജി.എൽ.പി.എസ് ചോക്കാട് - 17
എയ്ഡഡ് സ്‌കൂളുകൾ -വിദ്യാർത്ഥികൾ
ഡി.എസ്.എൽ.പി.എസ് കുറ്റൂർ - 19
എ.എം.എൽ.പി.എസ് പാലൂർ - 20
എ.എൽ.പി.എസ് അഴിഞ്ഞിലം - 22
എം.എ.എം.എ.ഇ.എ.എം.എൽ.പി.എസ് തച്ചുണ്ണി - 24
എസ്.എ.എൽ.പിഎസ് വള്ളിക്കുന്ന് - 25
ഉൾപ്രദേശങ്ങളിലുള്ള സ്കൂളുകളിലാണ് വിദ്യാർത്ഥികൾ കുറവ്. കൂടാതെ, ഭൗതിക സാഹചര്യങ്ങൾ കുറവുള്ള സ്കൂളുകളും വിദ്യാർത്ഥികൾ കുറഞ്ഞ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ജില്ലയിലില്ല.
കെ.പി.രമേശ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |