കാളികാവ്: ഐ.സി.ഡി.എസ് വകുപ്പിൽ നിന്ന് 20 ലക്ഷം ലഭിച്ചിട്ടും അങ്കണവാടി കെട്ടിടം നിർമ്മാണം പാതിവഴിയിൽ. ചോക്കാട് പഞ്ചായത്ത് നാലാം വാർഡിലെ അങ്കണവാടിയുടെ അവസ്ഥയാണിത്.
2022- 23 വർഷം ഐ.സി.ഡി.എസ് 20ലക്ഷം രൂപ പുതിയ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചു. രണ്ടു വർഷം കഴിഞ്ഞിട്ടും പണി തീരാത്ത കെട്ടിടം കാടുമൂടിയ നിലയിലാണ്. നിർമ്മാണ കരാർ ഏറ്റെടുത്തയാൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാതെ പോയതായി നാട്ടുകാർ പറഞ്ഞു. ഹൈടെക് കെട്ടിടം നിർമ്മിക്കാനാണ് 20 ലക്ഷം രൂപ അനുവദിച്ചത്.
കെട്ടിടത്തിന്റെ വാർപ്പു മാത്രമാണ് കഴിഞ്ഞത്. പ്ലാസ്റ്ററിംഗ്, ഫ്‌ളോറിംഗ്, പ്ലംബിംഗ് , വൈദ്യുതി വർക്കുകൾ എന്നിവയൊന്നും പൂർത്തിയാക്കിയിട്ടില്ല. നേരത്തെയുള്ള കെട്ടിടപ്ലാനിന് മാറ്റം വരുത്തിയതാണ് നിർമ്മാണ കരാർ ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. 20 ലക്ഷം ചെലവിട്ടാണ് രണ്ടു മുറികളും വരാന്തയുമുള്ള കെട്ടിടം കോൺക്രീറ്റ് പില്ലറിൽ നിർമ്മിച്ചിട്ടുള്ളത്. ബാക്കിയുള്ള പണി പൂർത്തിയാക്കാൻ 2024-25 പദ്ധതിയിൽ 10 ലക്ഷം കൂടി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല.
കുട്ടികൾ വലയുന്നു
കടുത്ത ചൂടനുഭവപ്പെടുന്ന ഒരുകൊച്ചു വാടക കെട്ടിടത്തിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത്.
20ഓളം കുട്ടികളാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.
കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ഉയരം തീരെയില്ലാത്തതാണ് ചൂടിനു കാരണം.
അങ്കണവാടിയിലേക്ക് എത്തിപ്പെടാൻ ഇടുങ്ങിയ വഴിയാള്ളത്.
20 ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചിട്ടും കെട്ടിടം പണി പൂർത്തിയാക്കാതെ ഇനിയും പത്തുലക്ഷം കൂടി അനുവദിച്ചതിൽ അഴിമതിയുണ്ട്.
കെ.ടി. മുജീബ്
സി പി എം ലോക്കൽ സെക്രട്ടറി
ആദ്യം അനുവദിച്ച തുക പുതിയ പ്ലാനിലെ കെട്ടിട നിർമ്മാണത്തിന് തികയാതെ വന്നതാണ് കെട്ടിടം പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണം.പഞ്ചായത്ത് ഫണ്ടിൽ നിന്നനുവദിച്ച തുകയുടെ ടെൻഡർ നടപടി പൂർത്തിയാക്കി കെട്ടിട നിർമ്മാണം ഏപ്രിലിനു മുമ്പ് പൂർത്തിയാക്കും. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടിയുടെ മുറ്റം ഇന്റർ' ലോക്ക് ചെയ്യാൻ നാലു ലക്ഷം രൂപയും അങ്കണവാടിക്ക് കുഴൽക്കിണർ കുഴിക്കാൻ ഒന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്
ഇ.പി സിറാജുദ്ദീൻ
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |