മലപ്പുറം: നാലു വർഷത്തിനിടെ പകർച്ചവ്യാധികൾ പിടിപെട്ട് ജില്ലയിൽ മരണമടഞ്ഞത് 178 പേർ. 2021 മേയ് മുതൽ 2025 ഫ്രെബുവരി 28 വരെയുള്ള കാലയളവിലാണ് ഈ മരണങ്ങളെല്ലാം. സംസ്ഥാനത്ത് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് മലപ്പുറം ജില്ലയിലാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തൃശൂർ - 173, തിരുവനന്തപുരം - 164, എറണാകുളം - 163 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണനിരക്ക്. കാസർകോടാണ് ഏറ്റവും കുറവ് - 15 മരണങ്ങൾ മാത്രം.
ജില്ലയിൽ മരണപ്പെട്ടവരിൽ നല്ലൊരു പങ്കും ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചാണ്. ചെള്ളുപനി, ചിക്കൻപോക്സ്, എം.പോക്സ്, എച്ച്1 എൻ1, വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ, അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം, മലേറിയ, നിപ, അമീബിക് എൻസഫലൈറ്റിസ് എന്നിവ ബാധിച്ചാണ് മറ്റ് മരണങ്ങൾ. കഴിഞ്ഞ വർഷമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് - പകർച്ചവ്യാധികൾ 82 പേരുടെ ജീവൻ അപഹരിച്ചു. 2021- 11 പേർ, 2022- 30 പേർ, 2023 - 52 പേർ എന്നിങ്ങനെയും ഈ വർഷം മൂന്ന് പേരുമാണ് പകർച്ചവ്യാധികൾ മൂലം മരണപ്പെട്ടത്.
ചികിത്സ തേടിയത് മൂന്നര ലക്ഷത്തോളം
പകർച്ചവ്യാധികൾ ബാധിച്ച് 3,41,112 പേരാണ് ഇക്കാലയളവിൽ ജില്ലയിൽ ചികിത്സ തേടിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പകർച്ചവ്യാധികൾ പിടിപെട്ടവരുടെ എണ്ണം കൂടുതലാണ്. ജില്ലയിലെ ജനസംഖ്യ കൂടുതലാണെന്നതും പകർച്ചവ്യാധി രോഗങ്ങളുടെ കണക്കിൽ മുന്നിൽ വരാൻ കാരണമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് പിടിപെട്ടത് വയറിളക്ക രോഗങ്ങളാണ്. 3,14,495 പേർ ചികിത്സ തേടിയിട്ടുണ്ട്.
രോഗം .......................................... ചികിത്സ തേടിയവർ
ഡെങ്കിപ്പനി ................................................. 4,300
എലിപ്പനി ..................................................... 895
ഹെപ്പറ്റൈറ്റിസ് എ ..................................... 4,203
മലേറിയ ....................................................... 163
ചിക്കൻപോക്സ് ............................................. 16,889
അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ... 50
ചെള്ളുപനി ....................................................... 110
അമീബിക് എൻസഫലൈറ്റിസ് ...................... 7
ആകെ .......................................... 3,41,112
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |