മലപ്പുറം: നോമ്പ് തുടങ്ങിയതോടെ ജില്ലയിലെ ഈന്തപ്പഴ വിപണികളെല്ലാം സജീവമായി. പ്രധാനമായും 40 ഇനം ഈന്തപ്പഴങ്ങളാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. വില കൂടിയ ജോർദാൻ മജ്ദൂളും അജ്‌വയും മുതൽ
താരതമ്യേന വില കുറഞ്ഞ ഹാദി വരെ കൂട്ടത്തിലുണ്ട്. പ്രധാനമായും സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ഈന്തപ്പഴം എത്തുന്നത്. കൂടാതെ, പലസ്തീൻ, ഇറാൻ, ഇറാഖ്, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്. കടകളിൽ ഈന്തപ്പഴത്തിന്റെ സ്‌റ്റോക്ക് പെട്ടന്ന് തീർന്ന് പോവുന്ന അവസ്ഥയുണ്ടെന്നും ചില വ്യാപാരികൾ പറയുന്നുണ്ട്.
താരം അജ്‌വ തന്നെ
വില കൂടുതലാണെങ്കിലും അജ്‌വ ഇനത്തിൽപ്പെട്ട ഈന്തപ്പഴത്തിനാണ് വിപണിയിൽ ആവശ്യക്കാർ കൂടുതൽ. കിലോയ്ക്ക് 2,100 രൂപയാണ് വില വരുന്നത്. ഗുണമേന്മ കുറയുന്നതിനനുസരിച്ച് 1,600 രൂപയിലും ലഭിക്കും. ഈന്തപ്പഴത്തിലെ രാജാവ് എന്നറിയപ്പെടുന്ന ഇവ നോമ്പിലും താരമായിരിക്കുകയാണ്.
കൂടാതെ, ജോർജാൻ മജ്ദൂൾ ഇനത്തിൽപ്പെട്ട ഈന്തപ്പഴത്തിനും കിലോയ്ക്ക് 2,100 രൂപയാണ് വില വരുന്നത്. മദ്റൂം ഇനത്തിന് കിലോയ്ക്ക് 1,300 രൂപയാണ് വില. ഗുണമേന്മ കുറയുന്നതിനനുസരിച്ച് 900, 400 എന്നിങ്ങനെ വില വരും. സഫാവി ഈന്തപ്പഴത്തിന് 900 മുതൽ 1,100 വരെയും ശുക്രി ഈന്തപ്പഴത്തിന് 300 മുതൽ 800 വരെയുമാണ് വില. കുതിരി ഇനത്തിന് 300 മുതൽ 600 വരെയും ഹാദിക്ക് 300 രൂപയുമാണ്. കിലോയ്ക്ക് 510 രൂപയാണ് കാരയ്ക്കയുടെ വില.
ഈന്തപ്പഴം കൊണ്ടുള്ള ജാമിനും സിറപ്പിനും ആവശ്യക്കാർ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.
സാധാരണ ദിവസങ്ങളിൽ ഉള്ളതിനെക്കാൾ നാല് മടങ്ങ് ആധികം ആളുകളാണ് നോമ്പ് തുടങ്ങിയതോടെ ഈന്തപ്പഴം വാങ്ങാനായി കടകളിൽ എത്തുന്നത്.
എം.ജംഷീർ, മലപ്പുറം അജ്‌ഫാൻ സ്റ്റോക്ക് മാനേജർ
വിവിധ തരം ഈന്തപ്പഴങ്ങളും വിലയും
അജ്‌വ 1,600- 2,100
ജോർദ്ദാൻ മജ്ദൂൾ 2,100
മദ്റൂം 400-1,300
സഫാവി 900-1,100
ശുക്രി 300-800
കുതിരി 300-750
ഹാദി 300
കാരയ്ക്ക 510
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |