SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 AM IST

വന്യമൃഗശല്യം കൂടുമ്പോൾ വെടിവയ്ക്കാൻ അനുമതി നൽകിയത് 2 വർഷം മുമ്പ് മരിച്ചയാൾക്ക്

കാളികാവ്: കടുവയും പന്നിയും മറ്റും ജനങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുമ്പോൾ, വെടിവച്ച് കൊല്ലാൻ വനം വകുപ്പിന്റെ അനുമതി ലഭിച്ചത് രണ്ടു വർഷം മുമ്പ് മരിച്ചു പോയ ആൾക്ക്. പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലേക്കയച്ച സർക്കുലറിലാണ് മരിച്ചു പോയവരെ അടക്കം ഉൾപ്പെടുത്തി പുതിയ എം പാനൽ ലിസ്റ്റ് അയച്ചത്.

കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് സ്വദേശി തൊണ്ണിത്തൊടിക ഉണ്ണീരി എന്നയാൾക്കാണ് വനം വകുപ്പിന്റെ അനുമതിയുള്ളത്. ഇയാളാകട്ടെ രണ്ടു വർഷം മുമ്പ് മരണപ്പെട്ടയാളാണ്.

നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളിലെ 45 പഞ്ചായത്തുകളിലായി 51 പേരാണ് എം പാനൽ ലിസ്റ്റിലുള്ളത്. ഇവർക്കാണ് ജീവനും സ്വത്തിനും ഭീഷണിയായ മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയുള്ളത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലായി വൻതോതിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നത്.

കൃഷിനാശങ്ങൾക്കു പുറമെ ജീവഹാനിയും അപകടങ്ങളും നടന്നത് ഒട്ടനവധിയാണ്. രണ്ടു പഞ്ചായത്തുകളിലായി ഓരോരുത്തർക്ക് മാത്രമാണ് വെടിവയ്ക്കാൻ അനുമതിയുള്ളത്.

ഏതോ കാലത്ത് തയ്യാറാക്കിയ ലിസ്റ്റ് മുന്നും പിന്നും നോക്കാതെ അതേ പടി പുനഃപ്രസിദ്ധീകരിക്കുകയാണ് വനംവകുപ്പ് ചെയ്തിട്ടുള്ളത്.

വന്യമൃഗശല്യം വിലയിരുത്തി നടപടിയെടുക്കുന്നതിനും പ്രതിരോധമാർഗ്ഗം സ്വീകരിക്കുന്നതിനുമായുള്ള ജാഗ്രതാ സമിതികൾ പോലും പേരിനുമാത്രമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാളികാവ് റെയ്ഞ്ചിനു കീഴിൽ നടന്ന ജാഗ്രതാ സമിതി യോഗത്തിൽ ബന്ധപ്പെട്ടവർ പോലും പങ്കെടുത്തില്ല.

തോക്കെല്ലാം വാങ്ങിവച്ചു

വന്യ മൃഗങ്ങളുടെ ഭീഷണി നേരിടുന്ന കാളികാവ് ചോക്കാട് പഞ്ചായത്തുകളിലുണ്ടായിരുന്ന ലൈസൻസുള്ള മുഴുവൻ തോക്കുകളും അധികൃതർ രണ്ടു വർഷം മുമ്പ് പിടിച്ചു വാങ്ങിയതാണ്.പിന്നീട് ഇതുവരെ ലൈസൻസ് പുതുക്കി തിരിച്ചു നൽകിയിട്ടില്ല.

പാലക്കാട് ജില്ലയിൽ നിന്നുള്ള എം പാനൽ ഷൂട്ടർമാരെ കർഷകരുടെ ചെലവിൽ കൊണ്ടുവന്നാണ് രണ്ടു പഞ്ചായത്തുകളിലും പന്നിവേട്ട നടത്തുന്നത്. ഇതിനായി പഞ്ചായത്തോ വനംവകുപ്പോ ഒരു രൂപ പോലും നൽകുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL