മലപ്പുറം: അപകട ഭീഷണി നേരിടുന്ന മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടത്തിലെ ഒ.പി വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്ന പദ്ധതി ഉപേക്ഷിച്ചതോടെ അനിശ്ചിതത്വം തുടരുന്നു. ഒ.പി വിഭാഗം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റിസ്ഥാപിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും വാടക പ്രതിസന്ധി സൃഷ്ടിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 50,000 രൂപയായിരുന്നു മാസവാടക നിശ്ചയിച്ചിരുന്നത്. കൂടാതെ, ശൗചാലയ സൗകര്യങ്ങൾ അടക്കമുള്ളവയുടെ പണി നടത്താനായി അഞ്ച് ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നതും പദ്ധതി നടത്തിപ്പിന് തടസമായി.
ആശുപത്രി വളപ്പിലെ പുതിയ ബ്ലോക്കിനും ശോചനീയാവസ്ഥയിലായ പഴയ ബ്ലോക്കിനും ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്ത് താൽക്കാലിക സൗകര്യമൊരുക്കി ഒ.പി അവിടേക്ക് മാറ്റാനാവുമോ എന്നാണ് നിലവിൽ ആലോചിക്കുന്നത്. നിലവിൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി അവിടെ നിന്ന് മാറ്റുന്നതോടെ ഐ.പി അവിടെ പ്രവർത്തിപ്പിക്കാനും ആലോചനയുണ്ട്. നിലവിൽ കെട്ടിടത്തിന്റെ അപകടാവസ്ഥ കാരണം താലൂക്ക് ആശുപത്രിയിൽ ഐ.പി പ്രവർത്തിക്കുന്നില്ല. . നേരത്തെ കിളിയമണ്ണിൽ ഓഡിറ്റോറിയവും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും രണ്ട് ലക്ഷം രൂപ വാടക ആവശ്യമായതിനാൽ പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
നിലവിൽ 25ൽ കൂടുതൽ പേരെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ല. പ്രസവം, സർജറി കേസുകളുമായി ബന്ധപ്പെട്ടവരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നത്. അഡ്മിറ്റ് ആവശ്യമായ മറ്റ് രോഗികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് പ്രധാനമായും അയക്കുന്നത്. ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 9.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു
ആശുപത്രി കെട്ടിടമാറ്റം ഉടൻ സാദ്ധ്യമാക്കുക, നിറുത്തലാക്കിയ അഡ്മിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കുക എന്നിവ ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ മാസം തീരുമാനമായില്ലെങ്കിൽ ഏപ്രിലിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |