
വള്ളുവമ്പ്രം: ശാസ്ത്രകുതുകികളായ കുട്ടികളെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഇൻസ്‌പെയർ അവാർഡിന്റെ ഈ വർഷത്തെ അവാർഡും വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂളിനെ തേടിയെത്തി. ആറാം ക്ലാസിൽ പഠിക്കുന്ന എം.സി.ഫാത്തിമ ഫൗസാന എന്ന കൊച്ചു മിടുക്കിയാണ് പതിനായിരം രൂപ അടങ്ങുന്ന ഈ സ്‌കോളർഷിപ്പിന് അർഹയായത്. മലപ്പുറം ഉപജില്ലയിൽ യു.പി വിഭാഗത്തിൽ നിന്ന് ഫാത്തിമ ഫൗസാന മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. മനുഷ്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കുക എന്നതാണ് പ്രോജക്ട് വിഷയം. തുടർച്ചയായ മൂന്നാം തവണയാണ് വള്ളുവമ്പ്രം സ്‌കൂളലേക്ക് ഈ നേട്ടം എത്തുന്നത്. ഇതേ ആശയം മുൻനിർത്തി ജില്ലാതലത്തിലും അവിടുന്ന് അംഗീകാരം ലഭിച്ചാൽ സംസ്ഥാനതലത്തിലും പിന്നീട് ദേശീയതലത്തിലും കുട്ടിക്ക് മത്സരിക്കാൻ അവസരം ഉണ്ടാകും. തേങ്ങയിടുന്ന സമയത്ത് കരിക്കാണോ തേങ്ങയാണോ എന്ന് ആശയക്കുഴപ്പം വരാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള മെഷീൻ ആണ് ഈ കൊച്ചു മിടുക്കി കണ്ടെത്തിയത്. സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായ എ.മുഹമ്മദ് ശരീഫാണ് കുട്ടികളെ തയ്യാറാക്കുന്നത്. അവാർഡ് നേടിയ ഫാത്തിമ ഫൗസാനയെ പി.ടി.എ, മാനേജ്മെന്റ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ ആദരിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഗഫൂർ എന്ന മാനു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എം.ടി.മുഹമ്മദ്, ഹെഡ്മാസ്റ്റർ സൈതലവി ചേങ്ങോടൻ, എസ്.ആർ.ജി കൺവീനർ സുഹൈൽ തിരുത്തിയിൽ, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുള്ള, സീനിയർ അദ്ധ്യാപകരായ ഉദയകുമാർ പലേക്കോട്ട്, അബ്ദുറഹ്മാൻ ഉള്ളാട്ട്, ഇൻസ്‌പെയർ കൺവീനർ എ.മുഹമ്മദ് ശരീഫ് സംസാരിച്ചു. ഒളമതിൽ സ്വദേശി എം.സി.ഷാഹിദിന്റെയും എൻ കെ തസ്നിയമയുടെയും മകളാണ് ഫാത്തിമ ഫൗസാന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |