മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് ജില്ലയിലൊരുങ്ങുന്നത് ആറ് സ്‌നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകൾ. മലപ്പുറം, താനൂർ, തിരൂർ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിലെ ഡിവൈ.എസ്.പി ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. സ്‌നേഹിത എക്സ്റ്റൻഷൻ സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിലമ്പൂർ ഡിവൈ.എസ്.പി ഹാളിൽ ഇന്ന് വൈകിട്ട് 4.30ന് നിർവഹിക്കും. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരും നിർവഹിക്കും.
സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിന് കീഴിൽ കൗൺസലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരാണ് എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഓരോ കമ്മ്യൂണിറ്റി കൗൺസിലർമാരുണ്ടായിരിക്കും. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും പ്രവർത്തനം. കൗൺസിലർമാർക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
കമ്മ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ
- പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കുക.
-കൗൺസലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പൊലീസിനെ സഹായിക്കുക.
- പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക.
-മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുക.
- മാനസിക നില മുൻകൂട്ടി പരിശോധിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് പരിശോധിക്കുക.
- മാനസികാരോഗ്യ നിലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുക
കേസുകളുടെ എണ്ണം
അതേസമയം, കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെൻഡർ ഹെൽപ്പ് ഡെസ്‌ക്ക് പദ്ധതിയായ സ്‌നേഹിതയിൽ 2,580 നേരിട്ടുള്ള കേസുകളും 2,459 ഫോൺ വഴിയുള്ള കേസുകളുമടക്കം ആകെ 5,039 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 749 അതിജീവിതകൾക്ക് താല്ക്കാലിക അഭയം നൽകാനും സാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |