
മലപ്പുറം: കഴിഞ്ഞ ദിവസം വീശിയടിച്ച വേനൽമഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി പോസ്റ്റുകളും കണക്‌ഷനും പുനഃസ്ഥാപിക്കുന്ന പ്രവൃത്തി 24 മണിക്കൂർ പിന്നിട്ടിട്ടും പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. വേനൽ മഴയിൽ ഇങ്ങനെയെങ്കിൽ മൺസൂണിൽ എന്താവും സ്ഥിതിയെന്നാണ് ആളുകളുടെ ചോദ്യം. കെ.എസ്.ഇ.ബി ജീവനക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുമ്പോഴും ജീവനക്കാരുടെ കുറവാണ് പ്രധാന തടസ്സം. ഫീൽഡ് വിഭാഗത്തിലെ വർക്കർ തസ്തികയിൽ മാത്രം 283 ഒഴിവുകളാണ് ജില്ലയിലുള്ളത്. ഈ തസ്തികയിൽ എറണാകുളം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒഴിവുള്ളത് മലപ്പുറത്താണ്. കായികാദ്ധ്വാനം ഏറെ വേണ്ട തസ്തികയിലെ ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പുറംകരാർ ജോലികളിലൂടെയും കരാർ നിയമനങ്ങളിലൂടെയും പ്രശ്നത്തിന് താത്ക്കാലിക പരിഹാരം കാണാൻ കെ.എസ്.ഇ.ബി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് ജനങ്ങളുടെ പരാതി തെളിയിക്കുന്നത്.
കമ്പ്യൂട്ടർവത്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി ജീവനക്കാരുടെ എണ്ണവും ചെലവും കുറയ്ക്കാനും അധികമായി കണ്ടെത്തുന്നവരെ പുനർവിന്യസിക്കാനും റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മൂന്ന് വർഷം മുമ്പ് തുടക്കമിട്ട ബോർഡ് പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം വർക്കർ പോലുള്ള അടിസ്ഥാന തസ്തികയിൽ ഈ നിർദ്ദേശത്തിന്റെ മറപിടിച്ച് നിയമനം നടത്താത്തത് പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പി.എസ്.സി നിയമനമില്ല
വർക്കർ തസ്തികയാണ് കെ.എസ്.ഇ.ബി നേരിട്ട് നിയമനം നടത്തുന്ന പ്രധാന വിഭാഗം. 2011ന് ശേഷം ഈ വിഭാഗത്തിൽ പി.എസ്.സി റാങ്ക് പട്ടിക ഇറങ്ങിയിട്ടില്ല. പഴയ പട്ടികയുടെ കാലാവധി അവസാനിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ നിന്നാണ് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. വർക്കർ തസ്കികയിലെ നിയമനം നിലച്ചത് ഫലത്തിൽ കെ.എസ്.ഇ.ബിയിലെ വിവിധ തസ്തികകളുടെ പ്രമോഷനേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലൈൻമാൻ എ വിഭാഗത്തിൽ നിന്നാണ് ഓവർസിയർ തസ്തികയിലേക്ക് പ്രമോഷൻ നൽകുക. ലൈൻമാൻ, ഓവർസിയർ, സബ് എൻജിനിയർ എന്നീ ഫീൽഡ് തസ്തികകളിലും ജില്ലയിൽ നൂറോളം ഒഴിവുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |