SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

പത്ത് ദിവസത്തിനിടെ 140 പേർക്ക് മഞ്ഞപ്പിത്തം: വേണം അതീവ ജാഗ്രത

മലപ്പുറം: വേനൽ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. പത്ത് ദിവസത്തിനിടെ 140 പേർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. സമീപമാസങ്ങളിലെ ഉയർന്ന നിരക്കാണിത്. ജില്ലയിൽ ഈ വർഷം 626 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോൾ ഒരുമരണമുണ്ടായി. സംസ്ഥാനത്ത് ഇക്കാലയളവിൽ ആകെ 2148 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണമാണ് ഇതെങ്കിൽ സ്വകാര്യ ക്ലിനിക്കുകളിലും മറ്റ് ചികിത്സാ മേഖലകളെയും ആശ്രയിച്ചവരുടെ എണ്ണം കൂടിയെടുത്താൽ ഇരട്ടിയിലധികം വരും.

വേനൽ കടുക്കും മുമ്പെ തന്നെ ജില്ലയിൽ ഗ്രാമ,​നഗര വ്യത്യാസമില്ലാതെ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ശുദ്ധജലത്തിന്റെ അഭാവം മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് തന്നെ മഞ്ഞപ്പിത്തം ഏറ്റവും വേഗത്തിൽ പടരുന്നത് മലപ്പുറത്ത് ആണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 15നും 40 വയസിനും ഇടയിലുള്ളവർക്കാണ് രോഗബാധ കൂടുതലും. രോഗം ബാധിച്ചവർ വീടുകളിൽ പുല‌ർത്തേണ്ട നിയന്ത്രണങ്ങൾ പാലിക്കാത്തത് മൂലം രോഗപ്പകർച്ചയിലൂടെയുള്ള സെക്കൻഡറി കേസുകളും കൂടുതലാണ്.

കുലുക്കി വരുത്തുന്ന മഞ്ഞപ്പിത്തം

മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും മഞ്ഞപ്പിത്തം ബാധിക്കാം. റംസാൻ നോമ്പിൽ ജില്ലയിൽ ഉടനീളം ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ സജീവമാണ്. കുലുക്കി സർബത്ത്, ദംസോഡ, മസാല സോഡ എന്നിങ്ങനെ എരിവും പുളിയും മധുരവും വിവിധ മസാലക്കൂട്ടുകളും അടങ്ങിയ പാനീയങ്ങളുടെ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃതമായി പ്രവർത്തിക്കുന്നവയ്ക്ക് നോട്ടീസ് നൽകുന്നുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരം കച്ചവടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമല്ലെന്നാണ് രാത്രികാഴ്ചകൾ തെളിയിക്കുന്നത്. മഞ്ഞപ്പിത്തം വേഗത്തിൽ പടരാനുള്ള സാദ്ധ്യത ഇത്തരം കേന്ദ്രങ്ങൾ വഴിയുണ്ടെന്ന് മുന്നറിയിപ്പ് അവഗണിക്കപ്പെടുന്നു. കുട്ടികളും യുവാക്കളുമാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നവരിൽ ഭൂരിഭാഗവും.

ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സ്രോതസ്സുകളിൽ നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണം. ആറ് മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധനയും നടത്തണമെന്ന നിബന്ധന കൃത്യമായി പാലിക്കാറോ ഇക്കാര്യം പരിശോധനയിലൂടെ ഉറപ്പ് വരുത്താറോയില്ല.

വർഷം ........... മഞ്ഞപ്പിത്തം.......... മരണം
2023.............. 525................. 5
2024 ............. 3046............... 25
2023 .............. 626 ............... 1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL