
മലപ്പുറം: മലപ്പുറം നഗരസഭയിലെ ഏക സർക്കാർ യു.പി സ്‌കൂളായ മേൽമുറി ജി.എം.യു.പി സ്‌കൂളിന് സ്വന്തം കെട്ടിടത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില നിർണയ നടപടികൾ പൂർത്തിയായി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടത്തിന് ഒരുകിലോമീറ്റർ അകലെയായി എതലിപ്പറമ്പിൽ ഒന്നര ലക്ഷം രൂപ ഒരു സെന്റിനെന്ന കണക്കിൽ 1.75 ഏക്കർ സ്ഥലം വാങ്ങിയിരുന്നെങ്കിലും വാല്യുവേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. വാല്യുവേഷൻ പൂർത്തിയായതോടെ ഭൂമി ഏറ്റെടത്ത് കെട്ടിട നിർമ്മാണത്തിലേക്ക് കടക്കാം. ഭൂമി ഏറ്റെടുക്കുന്നതിന് 2.1 കോടി രൂപയാണ് ചെലവ്. ഇതിനായി ജനകീയ സമാഹരണത്തിലൂടെ പ്രദേശവാസികൾ 30 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. ബാക്കി തുക നഗരസഭയുടെ വാർഷിക പദ്ധതിയിൽ വകയിരുത്തുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന രേഖ തയ്യറാക്കിയിട്ടുണ്ട്.
1982ൽ സ്ഥാപിതമായ സ്കൂളിൽ 1,000ത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്വന്തം കെട്ടിടമെന്നത് ഇവിടത്തെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഏറെ നാളത്തെ ആഗ്രഹമാണ്.
പ്രതിസന്ധിയിൽ
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ സമ്പൂർണ്ണ ലാബും ലൈബ്രറിയും കളിസ്ഥലവും ഇവിടെയില്ല. 300 മീറ്റർ ചുറ്റളവിലുള്ള മൂന്ന് കോമ്പൗണ്ടുകളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. അതിനാൽ ഉച്ചഭക്ഷണം വാങ്ങുന്നതിന് കുട്ടികൾക്കെത്താനും പ്രയാസമാണ്. ശൗചാലയങ്ങളുടെ അഭാവവും സ്‌കൂൾ നേരിടുന്നുണ്ട്.
ഭക്ഷണം കഴിക്കാൻ 500 മീറ്റർ നടന്ന് വേണം പോവാൻ. പുതിയ കെട്ടിടം വരുന്നതോടെ ശാശ്വത പരിഹാരമാവും. 90 ശതമാനവും പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. അവർക്ക് മികച്ച സൗകര്യങ്ങളൊരുക്കാൻ സ്കൂളിന് സ്വന്തമായി കെട്ടിടം കൂടിയേ തീരൂ.
പറമ്പൻ കുഞ്ഞു, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |