SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

ആറ് വരി യാത്ര വൈകില്ല; നിർമ്മാണം അതിവേഗത്തിൽ

മലപ്പുറം: ജില്ലയിൽ ആറുവരി ദേശീയപാതയുടെ (എൻ.എച്ച് 66) നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാവും. മാർച്ച് 31നകം നിർമ്മാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറണം എന്നായിരുന്നു നിർദ്ദേശമെങ്കിലും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം, വളാഞ്ചേരി വട്ടപ്പാറ വയഡക്ട്,​ മിനി പമ്പ മേൽപ്പാലം ഉൾപ്പെടെ പ്രധാന പ്രവൃത്തികൾ നീണ്ടു. കക്കാടിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ടാറിംഗ് ഉൾപ്പെടെ നടത്തിയിട്ടുണ്ടെങ്കിലും കൈവരിയുടെ നിർമ്മാണ പ്രവൃത്തികൾ ശേഷിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി, കാക്കഞ്ചേരി ഭാഗങ്ങളിലും പണി പൂർത്തിയാവാനുണ്ട്. വെട്ടിച്ചിറയിൽ ആണ് ജില്ലയിലെ ഏക ടോൾപിരിവ് കേന്ദ്രമുള്ളത്. നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാക്കി മിനുക്ക് പണികളാണ് അവശേഷിക്കുന്നത്. കോഴിക്കോട് അതിർത്തിയായ ഇടിമുഴീക്കൽ മുതൽ തൃശൂരുമായി അതിർത്തി പങ്കിടുന്ന പാലപ്പെട്ടി കാപ്പിരിക്കാട് വരെയാണ് ജില്ലയിലൂടെ ദേശീയപാത കടന്നുപോവുന്നത്.

നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ ആറുവരി പാതയിൽ മൂന്ന് വരെ മാത്രമാണ് തുറന്നുകൊടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. വട്ടപ്പാറ വയഡക്ടിലൂടെയും ഗതാഗതം തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ഭാഗത്ത് നിർമ്മാണ പ്രവൃത്തി പൂർത്തിയാവാനുണ്ട്. ഇതോടെ വട്ടപ്പാറ വളവിനെ പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യാനാവും. 135 തൂണികളിലായി നാല് കിലോമീറ്ററോളം ദൂരത്തിലാണ് വയഡക്ട് പാലം.

കുറ്റിപ്പുറത്ത് റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ കടന്നുപോവുന്ന പുതിയ മേൽപ്പാലം സ്ഥാപിക്കുന്നതിന് റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനീയറുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. 16 മീറ്റർ വീതിയും 63.5 മീറ്റർ നീളവുമുള്ള ഉരുക്കിൽ നിർമ്മിച്ച ഗർഡർ പാലം ഹൈഡ്രോളിക് ജാക്കികളും ക്രെയിനുകളും ഉപയോഗിച്ച് സമീപത്തെ തൂണുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ഈ ഭാഗം റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തുമുള്ള തൂണുകളിലേക്ക് ക്രെയിനുകൾ ഉപയോഗിച്ച് മാറ്റുന്ന പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. റെയിൽവേ വൈദ്യുതി ലൈനുകൾ പൂർണ്ണമായും ഓഫ് ചെയ്ത ശേഷമേ ഈ പ്രവൃത്തി നടത്താനാവൂ. ട്രെയിനുകൾ കുറവുള്ള സമയവും സമയക്രമീകരണം വരുത്തി മാത്രമേ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയൂ.

കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിപ്പടി വരെ ദേശീയപാതയുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. സർവീസ് റോഡ് നിർമ്മിക്കാൻ പാറ പൊട്ടിച്ച് ഡ്രൈനേജ് പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് സോയിൽ നെയിലിംഗ് വീണ്ടും ചെയ്യേണ്ടതുണ്ട്. സർവീസ് റോഡുകളുടെ നിർമ്മാണത്തിനായി മണ്ണെടുക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ്. മണ്ണ് എടുത്തുമാറ്റി ലെവൽ ചെയ്യാനുണ്ട് . ജില്ലയിലൂടെ ദേശീയപാത കടന്നുപോവുന്ന മിക്കയിടങ്ങളിലും സർവീസ് റോഡുകളുടെ പണി പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL