SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

മലപ്പുറം പറയുന്നു, ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി... മലപ്പുറം ജില്ലയും പറയുന്നത് ഇങ്ങനെയാണ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാൻ മണ്ണിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിൽ രാജ്യം അഭിമാനം കൊള്ളുകയാണ്. പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങളുടെ കണ്ണീർ വീഴ്ത്തിയ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന ദൗത്യത്തിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ ജില്ലയിലെ വിവിധ ആളുകളുടെ പ്രതികരണങ്ങൾ വായിക്കാം.

1) പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി ലഭിച്ച വിവരം രാവിലെ വാർത്തകളിലൂടെ അറിഞ്ഞപ്പോൾ ഇന്ത്യക്കാരിയായതിൽ അഭിമാനം തോന്നി. കൺമുന്നിൽ വെച്ച് ഭർത്താവിന്റെയും പിതാവിന്റെയും സഹോദരങ്ങളുടെയും ജീവൻ നഷ്ടമാകുന്നത് കണ്ട സ്ത്രീകളുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ഉടൻ തിരിച്ചടിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയം ജീവനറ്റ നിരപരാധികളോടുള്ള ആദരവ് കൂടിയാണ്.


സലീന സുറുമി, എഴുത്തുകാരി

2) ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനിക്കുന്നു. ഇന്ത്യൻ ആർമി എന്ത് ചെയ്യുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നടപടി ഉടനെ കാണിച്ച് തന്നതിൽ സന്തോഷം. നിരപരാധികളെ നിഷ്‌ക്കരുണം കൊന്നുതള്ളിയ ഭീകരത ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
കെ.വി.ആനന്ദ്, അഗ്നിവീർ കോഴ്സ് വിദ്യാർത്ഥി, മലപ്പുറം ഡോട്ട് അക്കാദമി

3) സാധാരണക്കാരായ മനുഷ്യരെ ദ്രോഹിക്കാതെ ഭീകര കേന്ദ്രങ്ങൾക്കെതിരെ മാത്രം ഇന്ത്യ നടത്തിയ നീക്കം അഭിനന്ദനാർഹമാണ്. കുറ്റവാളികൾ ക്രൂശിക്കപ്പെടണമെന്ന തത്വമാണ് ഇന്ത്യ തന്ത്രപൂർവ്വം ചെയ്തത്. ക്ഷമയുടെ അവസാനമാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്നത് വളരെ അനുയോജ്യമായ പേരായി തോന്നി.


ഡോ.ആര്യ സുരേന്ദ്രൻ, സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കളത്തൂർ അദ്ധ്യാപിക

4) 160 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നമുക്ക് പ്രതികരിക്കാൻ ശക്തിയില്ലേ എന്ന കാര്യം ഓരോ ഇന്ത്യൻ പൗരനും സ്വയം ചോദിച്ചതാണ്. ഓരോ ഇന്ത്യക്കാരന്റെയും വികാരമായിരുന്നു പാക് ഭീകരർക്ക് ശക്തമായ മറുപടി നൽകുക എന്നത്. നിങ്ങളെല്ലാം സുരക്ഷിതരാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് അഭിനന്ദനാർഹം.


ഗിരീഷ് കുമാർ കറുകയിൽ, മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ

5) ഇന്ത്യൻ ആർമി പൊളിയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടും. ഇന്ത്യക്കാർക്കെല്ലാം അഭിമാനിക്കാം.
പി.കെ.ശരണ്യ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, പി.ജി രണ്ടാം വർഷ വിദ്യാർത്ഥി

6) പഹൽഗാമിലെ ഭീകരാക്രമണം വളരെ വിഷമിപ്പിച്ചിരുന്നു. ഭർത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുന്ന ആ പെൺകുട്ടിയുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്. ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ നടപടിയിൽ അഭിമാനം കൊള്ളാതിരിക്കാൻ ഒരു ഇന്ത്യക്കാരനും കഴിയില്ല. മതം ചോദിച്ച് കൊന്നുതള്ളിയവരുടെ ബന്ധുക്കളുടെ കണ്ണുനീർ കണക്ക് ചോദിക്കും.
യു.സരോജ, കാളികാവ് ന്യൂട്രീമിക്സ് യൂണിറ്റ് സെക്രട്ടറി

7) പഹൽഗാമിലെ ക്രൂരതയ്ക്ക് പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിൽ അഭിമാനം കൊള്ളുന്നു. ഭീകരതക്കെതിരെ ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് സൈനിക നടപടി. ഇന്ത്യൻ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കൽ കൂടി നമ്മുടെ സൈന്യം തെളിയിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിബന്ധനകൾ പാലിച്ച് ഭീകരരെ മാത്രം ലക്ഷ്യമാക്കിയുള്ള ഇന്ത്യൻ ആക്രമണം ഇന്ത്യൻ സൈന്യത്തിന്റെയും രഹസ്യാന്വേഷണ സംവിധാനത്തിന്റെയും മികവിന്റെ സാക്ഷ്യമാണ്.
ഭീകരതയെ സഹായിക്കുകയും ഇന്ത്യക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന നയം അവസാനിപ്പാക്കാത്ത പക്ഷം ഭീകരതക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടാണെന്നും കൂടുതൽ ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പായും ഈ സൈനിക നടപടിയെ പാകിസ്ഥാൻ മനസ്സിലാക്കണം.


പി.വി.അൻവർ, തൃണമൂൽ കോൺഗ്രസ് നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL