SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ജില്ലയിലെ ബാങ്കുകളിൽ 52,403 കോടിയുടെ നിക്ഷേപം

mpm

മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ ഡിസംബർ പാദത്തിൽ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതൽ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികൾക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികൾക്ക് ബാങ്കുകൾ മുൻകൈ എടുക്കണമെന്ന് എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ പാദത്തിൽ (സെപ്തംബർ) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 ശതമാനമാണ്. സി.ഡി. റേഷ്യോ 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ റേഷ്യോ 60 ശതമാനത്തിൽ മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സിഡി റേഷ്യോ കെ.ജി.ബി (85.17 ശതമാനം), കാനറാബാങ്ക് (78.18 ശതമാനം), എസ്.ബി.ഐ (47.89 ശതമാനം), ഫെഡറൽ ബാങ്ക് (30.43 ശതമാനം), സൗത്ത് ഇന്ത്യൻ ബാങ്ക് (39.01 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ സിഡി റേഷ്യോ.

വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ പാദത്തിലെ മലപ്പുറം ജില്ലയുടെ മുൻഗണന മേഖലയുടെ നേട്ടം 87 ശതമാനമാണ്. 13,300 കോടി രൂപ എന്ന ലക്ഷ്യത്തെ മുൻനിറുത്തി 11,512 കോടി രൂപയുടെ വായ്പകൾ നൽകി. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരമുള്ള ദ്വിതീയ മേഖലയിലെ നേട്ടം 80 ശതമാനവും ത്രിതീയ മേഖലയിലെ നേട്ടം 49 ശതമാനവുമാണ്. യഥാക്രമം 3,910 കോടി രൂപയും 916 കോടി രൂപയും വായ്പ നൽകാനായതായി യോഗം വിലയിരുത്തി. കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മതിയായതും സമയബന്ധിതവുമായ വായ്പ നൽകാൻ സഹായിക്കുന്ന പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് പരമാവധി ഉപഭോക്താക്കളിലെത്തിക്കാൻ ശ്രമിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

മലപ്പുറം എൽ.ഡി.എം എം.വി. അഞ്ജനദേവ്, തിരുവനന്തപുരം ആർ.ബി.ഐ. എൽ.ഡി.ഒ. വി.എസ്.അഖിൽ, കനറാ ബാങ്ക് റീജിയണൽ ഹെഡ് പുലി സായ് കൃഷ്ണ, മലപ്പുറം നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറൽ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL