SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ഇനി വരില്ല അവർ; യാത്രാമൊഴിയേകി നാട്

മലപ്പുറം: 'വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ചില സർപ്രൈസുകളുണ്ടാവും' പാങ്ങ് ജി.എൽ.പി സ്കൂളിലെ കുട്ടികളോട് അവരുടെ പ്രിയപ്പെട്ട മജീദ് മാഷിന്റെ ഉറപ്പായിരുന്നു അത്. കാഴ്ചശേഷിയില്ലാത്ത മജീദ് മാഷ് കുട്ടികൾക്ക് അദ്ധ്യാപകൻ മാത്രമായിരുന്നില്ല കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. കൂടെയിരുന്ന് ആടാനും പാടാനും കുട്ടികൾക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകുന്നതുമെല്ലാം മജീദ് മാഷിന്റെ രീതിയായിരുന്നു. അതിനെല്ലാം കട്ടയ്ക്ക് കൂടെനിൽക്കാൻ എച്ച്.എം അജിതയും മറ്റ് അദ്ധ്യാപകരുമുണ്ടാവും. അതുകൊണ്ടുതന്നെ സർപ്രൈസ് അറിയാൽ കുട്ടികളും കാത്തിരിപ്പിലായിരുന്നു. വാൽപ്പാറയിലെ വാഹനാപകടം കുട്ടികളുടെ മാത്രമല്ല ഒരുനാടിന്റെ തന്നെ സന്തോഷം കവർന്നെടുത്തു.

അമ്പലപ്പറമ്പ് ഹയർസെക്കന്ററി സ്‌കൂളിന്റെ നടുമുറ്റത്ത് മജീദ് മാഷുൾപ്പെടെ പ്രിയ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉൾപ്പെടെ ഒമ്പത് മൃതദേഹങ്ങൾ നിരനിരയായി വെച്ചപ്പോൾ വിദ്യാർത്ഥികൾക്കുൾപ്പെടെ കരച്ചിടലക്കാനായില്ല. തങ്ങളുടെ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ടുനിന്ന പ്രിയ അദ്ധ്യാപകരെ ചേതനയറ്റ് കണ്ടതോടെ കുട്ടികളുടെ മുഖത്ത് സങ്കടഭാരം നിറഞ്ഞു.
പാങ്ങ് ജി.എൽ.പി സ്കൂളിന് ചെറിയൊരു നടുമുറ്റമേ ഉള്ളൂ എന്നതിനാൽ സമീപത്തെ അമ്പലപ്പറമ്പ് ഹയർസെക്കന്ററി സ്കൂളിലേക്ക് മൃതദേഹങ്ങളുടെ പൊതുദർശനം മാറ്റുകയായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ വെച്ച് അർദ്ധരാത്രി പന്ത്രണ്ടോടെ തുടങ്ങിയ പോസ്റ്റുമോർട്ടം പുലർച്ചെ 3.45ഓടെ പൂർത്തിയാക്കിരുന്നു. രാവിലെ ആറോടെ മൃതദേഹങ്ങളുമായി പുറപ്പെട്ട തമിഴ്നാട് സർക്കാരിന്റെ ഒമ്പത് ആംബുലൻസുകൾ ഒമ്പത് മണിയോടെ അമ്പലപ്പറമ്പ് ഹയർസെക്കന്ററി സ്കൂളിലെത്തി. ഓരോരുത്തരുടെയും പേരുകൾ എഴുതിവെച്ച ഫ്രീസറുകൾ സ്‌കൂൾ മുറ്റത്ത് അടുത്തടുത്ത് നിരയായി ഒരുക്കിവെച്ചിരുന്നു. മൃതദേഹങ്ങൾ എത്തുന്നതിനും മണിക്കൂറുകൾക്ക് മുൻപുതന്നെ സ്കൂൾ പരിസരം ജനനിബിഢമായിരുന്നു. അപകടമരണമായതിനാൽ മൃതദേഹങ്ങൾ കൂടിതൽ സമയം വയ്ക്കാൻ കഴിയില്ലെന്നതിനാൽ പൊതുദർശനത്തിന് ഒരുമണിക്കൂർ സമയമാണ് നിശ്ചയിച്ചിരുന്നത്.

ആദ്യം മരിച്ചവരുടെ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ അവസരമേകി. അപകടത്തിന്റെ പരിക്കുകൾ മുഖത്ത് പലയിടങ്ങളിലും കാണാമായിരുന്നു. ഈ കാഴ്ചകൾ കണ്ടു തളർന്ന ബന്ധുക്കളെ താങ്ങിയെടുത്താണ് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ പാങ്ങ് ജി.എൽ.പി സ്കൂളിലെ 200ഓളം കുട്ടികൾക്ക് മൃതദേഹങ്ങൾ കാണാൻ അവസരമേകി. സ്കൂളിൽ നിന്ന് ടൂറിന് പോവാതിരുന്ന ഒന്നാം ക്ലാസ് അദ്ധ്യാപക ഹസ്നത്തും കെ.ജി അദ്ധ്യാപകരായ യശോദയും റസീനയും പ്യൂൺ ഗോപാലനും ചേർന്ന് കുട്ടികളെ വരിവരിയായി നിറുത്തി. എട്ട് അദ്ധ്യാപകരിൽ ശേഷിക്കുന്നത് മൂന്നുപേർ മാത്രമെന്ന യാഥാർത്ഥ്യം കണ്ടുനിന്നവരുടെ കരളലിയിപ്പിക്കുന്നതായി. കളിചിരികളില്ലാതെ ചേതനയറ്റ ശരീരവുമായി പ്രിയ അദ്ധ്യാപകരെ മുന്നിൽകണ്ടപ്പോഴുള്ള വിദ്യാർ‌ത്ഥികളുടെ ഭാവമാറ്റങ്ങൾ ഹൃദയഭേദകമായിരുന്നു.
തടിച്ചുകൂടിയ ജനം അച്ചടക്കം പാലിച്ചതോടെ യാത്രാമൊഴിയേകാൻ ആയിരങ്ങൾക്ക് സാധിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ക്യൂ തീരാതെ വന്നതോടെ മരിച്ചവരുടെ വീടുകളിൽ മൃതദേഹം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന അറിയിപ്പേകി പൊതുദർശനം മൂക്കാൽ മണിക്കൂർ കൂടി നീട്ടി നൽകി. ക്യൂ ഒഴിവാക്കി കൂട്ടമായി കാണാൻ അവസരം നൽകിയിട്ടും 10.45ന് പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ഒരുനോക്കുകാണാൻ ആഗ്രഹിച്ച് നൂറുകണക്കിനുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പിന്നാലെ മൃതദേഹങ്ങൾ ആംബുലൻസിൽ അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവസാന യാത്രയിലും ഒന്നിച്ചവരെയും കൊണ്ട് അന്ത്യകർമ്മങ്ങൾക്കായി ആംബുലൻസുകളിൽ പലവഴികളിലേക്ക് നീങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL