SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

വേനൽ കത്തുന്നു,​ കിണറുകൾ വറ്റി വരളുന്നു

kudivella-vitharanam
വെട്ടം പഞ്ചായത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം നടത്തുന്നു.

തിരൂർ: വേനൽച്ചൂടിൽ നാട് കത്തിയെരിയുമ്പോൾ കിണറുകൾ വറ്റിവരളുകയാണ്. തിരൂരിലും പരിസര പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമുണ്ട്. വേനൽമഴ പെയ്യാത്തതിനാൽ കിണറുകൾ വറ്റി വരണ്ടു. കുറച്ച് വെള്ളമുള്ള കിണുകളിൽ നിന്നും ശുദ്ധജലം ലഭിക്കുന്നുമില്ല. തിരൂർ മുനിസിപ്പാലിറ്റിയിലെ ചില പ്രദേശങ്ങളിലും വെട്ടം, തലക്കാട്, പുറത്തൂർ, തൃപ്രങ്ങോട്, മംഗലം, തിരുനാവായ, ആതവനാട് തുടങ്ങിയ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം ചില്ലറയല്ല. പഞ്ചായത്ത് അധികൃതർ കുടിവെള്ള പദ്ധതിക്കായി ബഡ്ജറ്റിൽ നീക്കിവച്ച ഫണ്ട് ഉപയോഗിച്ച് ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് ടെൻഡർ നൽകിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വേനൽമഴ ഇനിയും ലഭ്യമായില്ലെങ്കിൽ ജൂൺ മാസം വരെ കാത്തിരിപ്പ് നീളും. വെട്ടം, പുറത്തൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജലസ്രോതസ് ഉണ്ടെങ്കിലും പുളിവെള്ളം, മഞ്ഞകളർ എന്നിവ കലരുന്നതിനാൽ ശുദ്ധജലം ലഭ്യമാകുകയില്ല. മഴക്കാലത്തു പോലും ഈ പ്രദേശങ്ങളിൽ ശുദ്ധജല ലഭ്യത കുറവാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജലജീവൻ കുടിവെള്ള പദ്ധതി ഇനിയും പല പഞ്ചായത്തുകളിലും മുഴുവനായും നടപ്പിലാക്കിയിട്ടില്ല.

വിവിധ പഞ്ചായത്തു പ്രസിഡന്റുമാരുടെ പ്രതികരണം

പഞ്ചായത്തിലെ തലക്കാട്, മാങ്ങാട്ടിരി, പുതിയങ്ങാടി, പൂകൈത, പാറശ്ശേരി, കോട്ടത്തറ, കോലൂപാലം, കുറ്റൂർ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള പദ്ധതിക്കായുള്ള പഞ്ചായത്തിന്റെ 17 ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷം ഉപയോഗിച്ച് കുടിവെള്ളമെത്തിക്കുന്നുണ്ട്.

വി.പി. മുബാറഖ്,​ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്തിലെ കിഴക്കൻ മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും കുടിവെള്ള പ്രശ്നമുണ്ട്. ഇവിടങ്ങളിൽ ജല സ്രോതസുണ്ടെങ്കിലും കുടിവെള്ളമായി ഉപയോഗിക്കാനാവുന്നില്ല. ഈ പ്രശ്നമുള്ള വീടുകളിൽ ആർ.ഒ. ഫിൽട്ടർ വിതരണം നടത്താൻ ശ്രമം നടത്തും. നിലവിൽ പഞ്ചായത്ത് ഓൺ ഫണ്ട് ഉപയോഗിച്ച് ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ട്

സക്കീന,​ വെട്ടം പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്തിലെ പുഴയോര മേഖലകളായ പുല്ലൂണി, പെരുന്തിരുത്തി, ചേന്നര, വാളമരുതൂർ, കൂട്ടായി എന്നിവിടങ്ങളിലായി ഒരു ദിവസം 60,000 ലിറ്ററോളം വെള്ളം ടാങ്കർ ലോറികളിൽ എത്തിക്കുന്നുണ്ട്. ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുവാനുള്ള പ്രവർത്തനം ഊർജ്ജിതമാണ്.

എ.കെ. സലീം,​ മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പഞ്ചായത്തിൽ ശുദ്ധജല പ്രശ്നം രൂക്ഷമായി നേരിടുന്ന മേലേപറമ്പ്, പൊറ്റോടി, ചമ്രവട്ടം, കാവഞ്ചേരി, കൊടക്കൽ, കൈനിക്കര എന്നിവിടങ്ങളിലേക്ക് ടാങ്കറിൽ വെള്ളത്തിക്കുന്നുണ്ട്. ഫെബ്രുവരി മുതൽ തന്നെ ആവശ്യക്കാർക്ക് വെള്ളമെത്തിച്ചിരുന്നു. ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജിന്റെ പോർച്ച പരിഹരിച്ചാൽ കുടിവെള്ള വിതരണത്തിന് വലിയൊരളവിൽ പരിഹാരമാകും.

മുജീബ് പൂളക്കൽ,​ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL