മലപ്പുറം: വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ പ്രതിസന്ധിയിലായി ഹോട്ടൽ മേഖല. ജില്ലയിൽ 85ഓളം ഹോട്ടലുകളാണ് പ്രതിസന്ധി അതിജീവിക്കാനാവാതെ അടച്ച് പൂട്ടിയത്. പല ഹോട്ടലുകളിലും വലിയ തോതിൽ പാചക വാതകം ആവശ്യമായി വരുന്ന ചൈനീസ് വിഭവങ്ങളിൽ കുറവ് വരുത്തിയിട്ടുണ്ട്. വിലയിൽ കുറവ് വന്നില്ലെങ്കിൽ ഭക്ഷണ സാധനങ്ങളുടെ വിലയും വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. എന്നാൽ, വില ഉയർത്തിയാൽ ഉപഭോക്താക്കൾ അകലുമോ എന്ന ആശങ്കയും ഹോട്ടൽ ഉടമകൾക്കുണ്ട്. ഇതുവഴി ഭക്ഷണത്തിന് ഹോട്ടൽ മേഖലയെ ആശ്രയിക്കുന്നവരുടെ ജീവിതച്ചെലവും വർദ്ധിക്കും. 3,000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളാണ് ജില്ലയിലുള്ളത്.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് നിലവിൽ 993 രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ ഒരു സിലിണ്ടറിന് 3,200 രൂപ നൽകണം. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ആരംഭ ഘട്ടത്തിൽ 400 രൂപയാണ് വർദ്ധിപ്പിച്ചിരുന്നത്. ചെറിയ ചായക്കടകളിൽ ഏകദേശം നാല് ദിവസത്തിനകം ഒരു സിലിണ്ടർ ഉപയോഗിച്ച് തീരും. വലിയ ഹോട്ടലുകളിൽ ഒരു ദിവസത്തിന് പോലും തികയില്ല. വലിയ ഹോട്ടലുകളിൽ ദിവസം 10 മുതൽ 15 സിലിണ്ടർ വരെ ഉപയോഗിക്കാറുണ്ട്. ചെറിയ ഹോട്ടലുകളിൽ വരെ രണ്ട് സിലിണ്ടറുകൾ ദിവസവും വേണ്ട സ്ഥിതിയാണ്. പച്ചക്കറി-പാൽ വില ഉൾപ്പെടെ കുതിച്ചുയരുമ്പോഴും വിലയിൽ കാര്യമായ മാറ്റം വരുത്താത്ത വിഭാഗമാണ് ഹോട്ടൽ മേഖല.
ജില്ലയിൽ ഭൂരിഭാഗം ഹോട്ടലുകളും ഗ്യാസിനെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പല ഹോട്ടലുകളും വിറകടുപ്പുകളും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എങ്കിലും ഗ്യാസിൽ തന്നെ പാചകം ചെയ്യേണ്ട ഭക്ഷണ സാധനങ്ങളും ഏറെയാണ്.
അടച്ച് പൂട്ടിയ ഹോട്ടലുകൾ - 85
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ കുറവ് വരുത്തിയില്ലെങ്കിൽ ഇനിയും സമര പരിപാടികളുമായി മുന്നോട്ട് പോവേണ്ടി വരും. ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. നിലവിൽ സ്ഥിതി പരിതാപകരമാണ്.
സജീർ അരീക്കോട്, ഹോട്ടൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |